രാജസ്ഥാനില്‍ 'വിട്ടുവീഴ്ചാ ട്വിസ്റ്റിന്' സാധ്യത,കരുനീക്കങ്ങള്‍ മാറ്റിപ്പിടിച്ച് സച്ചിന്‍ പൈലറ്റ് ; ഉറ്റുനോക്കി കോണ്‍ഗ്രസ്

രാജസ്ഥാനില്‍ 'വിട്ടുവീഴ്ചാ ട്വിസ്റ്റിന്' സാധ്യത,കരുനീക്കങ്ങള്‍ മാറ്റിപ്പിടിച്ച് സച്ചിന്‍ പൈലറ്റ് ; ഉറ്റുനോക്കി കോണ്‍ഗ്രസ്
Published on

ബിജെപിയില്‍ ചേരില്ല, ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. ഉപമുഖ്യമന്ത്രി പദവിയില്‍ നിന്നും പിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് തെറിപ്പിച്ചിട്ടും കരുതലോടെയായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. ദേശീയ നേതൃത്വത്തെ കടന്നാക്രമിക്കുകയോ തള്ളിപ്പറയുകയോ ചെയ്തില്ല. ഭാവി പദ്ധതികളെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് തന്റെ ഒപ്പമുള്ളവരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മാത്രം പറഞ്ഞു. പക്വതയോടെയുള്ള ഈ പ്രതികരണം രാജസ്ഥാന്‍ കോണ്‍ഗ്രസിലെ കലുഷിത രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇപ്പോള്‍ നിര്‍ണായകമാവുകയാണ്.

സച്ചിന്‍ പൈലറ്റിന് മുന്നില്‍ മൂന്ന് സാധ്യതകള്‍

കോണ്‍ഗ്രസിന്റെ ഭാഗമായി തുടരുക

കോണ്‍ഗ്രസില്‍ തുടരണമെങ്കില്‍ അത്രമേല്‍ സാധ്യമായ ഉറപ്പുകള്‍ സച്ചിന്‍ പൈലറ്റിന് ലഭിക്കേണ്ടിവരും. അശോക് ഗെഹ്‌ലോട്ടും സച്ചിനും ഇപ്പോഴത്തെ കടുംപിടുത്തങ്ങള്‍ അയയ്ക്കണം. പൊടുന്നനെ ഗെഹ്‌ലോട്ടിനെ മാറ്റി സച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് മുതിരില്ലെന്നുറപ്പാണ്. ഇപ്പോഴത്തെ പദവികള്‍ പുനസ്ഥാപിക്കുകയും മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായി അത് അംഗീകരിക്കപ്പെടുകയും ചെയ്താല്‍ ഒരു പക്ഷേ സച്ചിന്‍ കലാപക്കൊടി താഴ്ത്തിയേക്കാം. പക്ഷേ അപ്പോഴും ഗെഹ്‌ലോട്ട് വഴങ്ങുമോയെന്ന പ്രതിസന്ധി കോണ്‍ഗ്രസിന് മുന്നിലുണ്ട്. സച്ചിന്‍ മുഖ്യമന്ത്രിയായാല്‍ ഗെഹ്‌ലോട്ട് വിഭാഗീയതയുണ്ടാക്കാമെന്ന സാഹചര്യത്തെ പാര്‍ട്ടി മുന്‍കൂട്ടി ഭയപ്പെടാനിടയുണ്ട്.

ബിജെപിയില്‍ ചേരുക

ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അതിനാധാരമായി അദ്ദേഹം പറയുന്നത് ഇതാണ്. പിസിസി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്റെ ദുര്‍ഭരണം തുറന്നുകാട്ടിയാണ് താന്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് നേതൃത്വം നല്‍കിയത്. ബിജെപിയോട് പോരാടിയിട്ടുള്ള തനിക്ക് ആ പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിയില്ല. കൃത്യവും വ്യക്തവുമാണ് സച്ചിന്റ വീക്ഷണം. പക്ഷേ ജ്യോതിരാദിത്യ സിന്ധ്യയെ ഇറക്കി ബിജെപി ദേശീയ നേതൃത്വം സച്ചിനെ പാളയത്തിലെത്തിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. വസുന്ധര രാജെ സിന്ധ്യ വിഭാഗത്തിന് സച്ചിന്‍ വരുന്നതിനോട് കടുത്ത എതിര്‍പ്പുള്ളതിനാല്‍ അത് ഡീല്‍ ചെയ്യാന്‍ കൂടിയാണ് അടുത്ത ബന്ധുവായ ജ്യോതിരാദിത്യ സിന്ധ്യയെ കളത്തിലിറക്കിയത്. എങ്കിലും ബിജെപിയിലേക്ക് പോകില്ലെന്നതിന് ആധാരമായി സച്ചിന്‍ പറഞ്ഞ വാക്കുകളെ നിസ്സാരമായി തള്ളാനാവില്ല.

പുതിയ പാര്‍ട്ടി രൂപീകരിക്കുക

ശരദ് പവാറും ജഗന്‍ മോഹന്‍ റെഡ്ഡിയുമൊക്കെ സ്വീകരിച്ച വഴി തെരഞ്ഞെടുത്ത് പുതിയ പാര്‍ട്ടിയുണ്ടാക്കാമെന്ന സാധ്യത സച്ചിന്‍ പൈലറ്റിന് മുന്നിലുണ്ട്. പിതാവ് രാജേഷ് പൈലറ്റിനെ സ്‌നേഹിക്കുന്ന, തന്നെ ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസുകാരെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയുണ്ടാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചന നടത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്. പക്ഷേ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. 107 എംഎല്‍എമാരുടെ ഭൂരിപക്ഷം ഗെഹ്ലോട്ട് അവകാശപ്പെടുന്നുണ്ട്. സ്വതന്ത്രരും ഘടക കക്ഷികളും മേല്‍ത്തട്ടുമുതല്‍ കീഴ്ത്തലം വരെ നേതാക്കളും പ്രവര്‍ത്തകരും ഇപ്പോള്‍ ഗെഹ്ലോട്ട് പക്ഷത്താണ്. അത് അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ തെളിവുമാണ്. അതിനെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കുക ഏറെ പരിശ്രമം വേണ്ട ഒന്നാണ്. മൂന്നിലൊന്ന് എംഎല്‍എമാരെ സ്വന്തം പക്ഷത്താക്കാനായാല്‍ കരുത്ത് തെളിയിക്കാനാകും. സര്‍ക്കാരിനെ എളുപ്പം മറിച്ചിടാം. പക്ഷേ 18 എംഎല്‍എമാരാണ് അദ്ദേഹത്തോടൊപ്പമുള്ളത്. അപ്പോള്‍ വിപ്പ് ലംഘിച്ചാല്‍ കൂറുമാറ്റനിരോധന നിയമപ്രകാരം എംഎല്‍എമാര്‍ അയോഗ്യരാകും. വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസിനോടും ബിജെപിയോടും മത്സരിച്ച് അത്രയും പേരെ വീണ്ടും വിജയിപ്പിച്ചെടുക്കുക എളുപ്പമല്ലെന്ന് സച്ചിന്‍ പൈലറ്റിനറിയാം.

വാര്‍ത്താസമ്മേളനം മാറ്റി

ബുധനാഴ്ച മാധ്യമങ്ങളെ കാണുമെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു. അത് ഉച്ചയ്ക്ക് ഒരു മണിയിലേക്ക് മാറ്റുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തു. പൊടുന്നനെ എന്തെങ്കിലും പ്രഖ്യാപനങ്ങളോ പരസ്യപ്രതികരണമോ നടത്തേണ്ടതില്ലെന്ന് സച്ചിന്‍ തീരുമാനിച്ചതിന്റെ സൂചനയായി ഇതിനെ കാണാം. ഒരു പക്ഷേ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്കുവേണ്ടിയാകാം. അല്ലെങ്കില്‍ ഭാവി പദ്ധതികളെക്കുറിച്ച് ആലോചിക്കാനും ഒപ്പമുള്ളവരുമായി ആശയവിനിമയം നടത്താനുമാകാം. അതുമല്ലെങ്കില്‍ പാര്‍ട്ടി വിടുന്നതിന്‌ മുന്‍പ് കൂടുതല്‍ എംഎല്‍എമാരെ തന്റെ പക്ഷത്ത് എത്തിക്കാനുമാകാം.

കരുതലോടെ കരുനീക്കി സച്ചിന്‍ പൈലറ്റ്

ഉറപ്പുകള്‍ നേടി കോണ്‍ഗ്രസിന്റെ ഭാഗമായി തുടരുകയെന്ന പ്രായോഗിക വഴി സച്ചിന്‍ പൈലറ്റ് കൊട്ടിയടച്ചിട്ടില്ല. അതുകൊണ്ടുതന്നെ മഞ്ഞുരുകിയാല്‍ സച്ചിന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി തുടര്‍ന്നേക്കാം. ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിട്ടുമുണ്ട്. ചര്‍ച്ചയ്ക്ക് സച്ചിന്‍ തയ്യാറാകുമോ എന്നത് കണ്ടറിയണം. ദേശീയ നേതൃത്വത്തെ തള്ളിപ്പറയാതിരുന്ന സച്ചിന്‍ ഗെഹ്‌ലോട്ടിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതിലൂടെ ഗെഹ്‌ലോട്ടുമായും അദ്ദേഹത്തിന്റെ ഗ്യാങ്ങുമായുമാണ് തനിക്ക് പ്രശ്‌നം എന്ന് പറഞ്ഞുവെയ്ക്കുന്നുണ്ട് സച്ചിന്‍. അദ്ദേഹം ഇന്‍ഡ്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തിലെ ഒരു വരി ഏറെ പ്രസക്തമാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ശേഷം ഗെഹ്‌ലോട്ടിന്റെ സംഘം തനിക്കുമേല്‍ ചാടിവീണു എന്നാണത്. രാഹുല്‍ഗാന്ധിയോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്ന് നേരിട്ടല്ലാതെ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഭാഗമായെന്ന ഗെഹ്‌ലോട്ടിന്റെ ആരോപണം അദ്ദേഹം തള്ളിക്കൊണ്ട് പറയുന്നത്,ഗാന്ധി കുടുംബത്തിന് മുന്‍പില്‍ തന്നെ വിലകുറച്ച് കാട്ടാനുള്ള ഗെഹ്‌ലോട്ട് പക്ഷത്തിന്റെ നീക്കമാണതെന്നാണ്. അതായത് ഗാന്ധി കുടുംബവുമായി സ്വരച്ചേര്‍ച്ചാക്കുറവില്ലെന്ന സൂചന ഇതില്‍ നിന്ന് വായിച്ചെടുക്കാം. തങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിലാണെന്ന് സച്ചിന്‍ പക്ഷത്തെ രണ്ട് എംഎല്‍എമാര്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി വിടാന്‍ ഇതില്‍ ചിലര്‍ക്കെങ്കിലും താല്‍പ്പര്യമില്ലെന്നതിന്റെ സൂചനയാണത്. അതേസമയം പൊടുന്നനെ പദവികളില്‍ നിന്ന് നീക്കുന്ന തരത്തില്‍ ചടുല നീക്കം കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് പൈലറ്റ് കരുതിയിരിക്കില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്.

കരുതലോടെ കോണ്‍ഗ്രസ്

പദവികളില്‍ നിന്ന് നീക്കിയെങ്കിലും സച്ചിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. സച്ചിന്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ കുറ്റം, മധ്യസ്ഥത വഹിക്കാനെത്തിയ രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചെങ്കിലും പാര്‍ട്ടി അംഗത്വത്തല്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അത്തരത്തില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത കോണ്‍ഗ്രസ് അവശേഷിപ്പിച്ചിട്ടുണ്ട്. അതേസമയം നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ സച്ചിന്‍ പൈലറ്റടക്കം 18 എംല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അത് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദ തന്ത്രം കൂടിയാണ്. അയോഗ്യതാ സാധ്യത ഉയര്‍ത്തിക്കാട്ടി വിമത എംഎല്‍എമാരെ തിരികെയെത്തിക്കാനാകുമോയെന്ന പരിശ്രമം.

കാത്തിരുന്നുകാണാന്‍ ഗെഹ്‌ലോട്ട് പക്ഷം

എല്ലാം ചര്‍ച്ച ചെയ്യാമെന്ന് ദേശീയ നേതൃത്വം പറയുമ്പോഴും ഗെഹ്‌ലോട്ട് സച്ചിനെ തിരിച്ചുവിളിച്ചിട്ടില്ല. സുന്ദരനായിരിക്കുകയും ഇംഗ്ലീഷ് സംസാരിക്കാനറിയുകയും മാത്രം പോര എന്നാണ് സച്ചിന്റെ പേരെടുത്ത് പറയാതെ ഗെഹ്‌ലോട്ട് വിമര്‍ശിച്ചത്. സച്ചിന്‍ ബിജെപിയുടെ വലയിലാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഗെഹ് ലോട്ട് പക്ഷം പൈലറ്റിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ്. 26 എംഎല്‍എമാരില്‍ നിന്ന്, താന്‍ പാര്‍ട്ടിയെ നയിച്ച് 100 ലെത്തിച്ചത് സച്ചിന്‍ അഭിമുഖത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള തന്നെ പാര്‍ട്ടി അവഗണിച്ച് തള്ളുകയാണെന്ന രക്തസാക്ഷി പരിവേഷം സൃഷ്ടിക്കാന്‍ പൈലറ്റ് ശ്രമിക്കുന്നതായി ആ പക്ഷം വിലയിരുത്തുന്നു. മികവുതെളിയിച്ച തന്നെ പറിച്ചുകളയുകയാണെന്നും പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന യുവാക്കളോടുള്ള മറുപക്ഷത്തിന്റെ മനോഭാവം ഇതാണെന്നും വരുത്താനുള്ള തന്ത്രമാണ് പൈലറ്റിന്റേതെന്ന് ഗെഹ്‌ലോട്ട് പക്ഷം കണക്കാക്കുന്നുണ്ട്. പക്ഷേ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതില്‍ സച്ചിന്‍ പൈലറ്റിന്റെ നിര്‍ണായക പങ്കുണ്ടെന്നത് വസ്തുതയാണ്.അത്തരത്തില്‍ സച്ചിന്റെ വാദം പ്രസക്തവുമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൈലറ്റ് അല്‍പ്പം പിന്നോക്കം മാറിയത് കുതിച്ചുവരാനുള്ള ആയം കണ്ടെത്താനാണോയെന്ന് സംശയിക്കുന്നവരുമുണ്ട്. ഇപ്പോള്‍ ഗാന്ധി കുടുംബത്തെ പരാമര്‍ശിക്കുന്ന പൈലറ്റ് എന്തുകൊണ്ട് മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായുള്ള സോണിയയുടെയും രാഹുലിന്റെയും സന്ദേശങ്ങളോട് പ്രതികരിച്ചില്ലെന്ന് ഈ പക്ഷം ചിന്തിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയോട് മാത്രമാണ് സച്ചിന്‍ സംസാരിക്കാന്‍ തയ്യാറായത്. ബിജെപിയുമായുള്ള വിലപേശലിന് സച്ചിന്‍ സമയം കൂട്ടിയെടുക്കുകയാണെന്ന് മറുപക്ഷം വാദിക്കുന്നു. ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് തന്റേതെന്ന് പറയുന്ന സച്ചിന്‍ എന്തിനാണ് ബിജെപി ഭരണമുള്ള ഹരിയാനയില്‍ എംഎല്‍എമാരെ എത്തിച്ചിരിക്കുന്നതെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. ബിജെപിയുമായുള്ള സംസാരം അവസാനിപ്പിച്ച് എംഎല്‍എമാരുമായി തിരിച്ചെത്തി ചര്‍ച്ചയ്ക്ക് തയ്യാറാകൂവെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടിട്ടുണ്ട്. വിട്ടുവീഴ്ചകള്‍ ഇരുപക്ഷത്തുമുണ്ടായാല്‍ സച്ചിന്‍ കോണ്‍ഗ്രസിന്റെ പൈലറ്റായി തുടര്‍ന്നുമുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in