കരുണ വറ്റാതെ കേരളം, ഖാസിമിന് ചികില്‍സയ്ക്ക് 17.38 കോടി; ഓട്ടോ-ടാക്സി തൊഴിലാളികള്‍ കാരുണ്യയാത്ര നടത്തിയും ചലഞ്ചിലൂടെയും പണം സ്വരൂപിച്ചു

കരുണ വറ്റാതെ കേരളം, ഖാസിമിന് ചികില്‍സയ്ക്ക് 17.38 കോടി; ഓട്ടോ-ടാക്സി തൊഴിലാളികള്‍ കാരുണ്യയാത്ര നടത്തിയും ചലഞ്ചിലൂടെയും പണം സ്വരൂപിച്ചു
Published on

എസ്എംഎ രോഗം ബാധിച്ച് 18 കോടിയുടെ മരുന്നിന് ചികിത്സാ സഹായം തേടുന്ന കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന് ചികില്‍സാ സഹായമായി ഇതുവരെ ലഭിച്ചത് 17.38 കോടി. നേരത്തെ ഉറപ്പുനല്‍കിയവരുടെ കൂടി സഹായം ലഭിച്ചാല്‍ മരുന്നിന് ആവശ്യമായ പണമാകും. ഒന്നര വയസ്സുകാരന്‍ മുഹമ്മദ് ഖാസിമിന് ചികില്‍സാ സഹായമെത്തിക്കാനായി ഓഗസ്റ്റ് ആദ്യവാരം മുതല്‍ ഒരു നാട് ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു.

കൊവിഡ് ദുരിതത്തിനിടയിലും ഓട്ടോ തൊഴിലാളികള്‍ കാരുണ്യ യാത്ര നടത്തി. സന്നദ്ധ സംഘടനകള്‍ ബിരിയാണി ചലഞ്ച് ഉള്‍പ്പടെ നടത്തുകയും ചെയിതിരുന്നു. ടാക്സികളും ബസുകളും നിരത്തിലിറക്കി പണം സ്വരൂപിച്ചു. നാട്ടില്‍ നിന്നും വിദേശത്ത് നിന്നുമായി സുമനസുകളും കയ്യയച്ച് സഹായിച്ചു. മലപ്പുറത്ത് ഇതേ രോഗം ബാധിച്ച് നിര്യാതനായ ഇമ്രാന് വേണ്ടി അവിടെയുള്ള സന്നദ്ധ സംഘടന ശേഖരിച്ച പണവും ഖാസിമിന് കൈമാറി.

ഖാസിമിന്റെ ചികിത്സാ സഹായത്തിനായി തന്റെ ഗുഡ്‌സ് ഓട്ടോ ദിവസങ്ങളോളം ഓടിച്ച പടപ്പേങ്ങാട് സ്വദേശി എ.വി.സുധാകരന്റെ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

മലപ്പുറം പ്ലാച്ചിക്കോട് യുവ കൂട്ടായ്മ ബിരിയാണി ചലഞ്ചിലൂടെ 1.75 ലക്ഷം രൂപയാണ് ഖാസിമിനായി സമാഹരിച്ചത്. ചപ്പാരപ്പടവില്‍ ഓടുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരും, കണ്ടീഷന്‍ ഹോളിഡേയ്‌സിന്റെ ബസുകളും ഒരു ദിവസത്തെ വരുമാനം ഖാസിമിന്റെ ചികത്സയ്ക്കായി നല്‍കിയിരുന്നു.

ചികിത്സയ്ക്കാവശ്യമായ പണം ലഭിച്ചെന്നും, ഇനി അക്കൗണ്ടിലേക്ക് പണം അയക്കേണ്ടെന്നും, മുഹമ്മദ് ഖാസിം ചികിത്സാ ധന സമാഹരണ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ ചെയര്‍മാനും, വൈസ് പ്രസിഡന്റ് പി.കെ.അബ്ദുല്‍ റഹ്മാന്‍ കണ്‍വീനറുമായായിരുന്നു കമ്മിറ്റിയുടെ പ്രവര്‍ത്തനം. തിങ്കളാഴ്ച തന്നെ ഇതിനായി രൂപീകരിച്ച അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in