വെള്ളക്കെട്ടില്‍ മുങ്ങി എറണാകുളം; വോട്ട് ചോര്‍ച്ച ഭയന്ന് മുന്നണികള്‍, വോട്ടെടുപ്പ് മാറ്റണമെന്നാവശ്യം
കനത്ത മഴയില്‍ എറണാകുളം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട രൂപപ്പെട്ടതിനെ തുടര്‍ന്ന് വോട്ട് ചോരുമോ എന്ന പേടിയില്‍ മുന്നണികള്‍. എറണാകുളത്ത് ഇതുവരെ 20 ശതമാനം പോളിങ്ങ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് പല ബൂത്തുകളും രാവിലെ തന്നെ മാറ്റി സ്ഥാപിക്കേണ്ടി വന്നിരുന്നു. ആളുകള്‍ വോട്ടുചെയ്യാനെത്തിയതും വൈകിയാണ്.
നിലവില്‍ അരൂരാണ് ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്, 43.96 ശതമാനം. കോന്നിയില്‍ 42.23 ഉം, മഞ്ചേശ്വരത്ത് 42.00 വട്ടിയൂര്‍ക്കാവില്‍ 32.49 എന്നിങ്ങനെയാണ് ഉച്ചവരെയുള്ള കണക്കുകള്‍, മഞ്ചേശ്വരത്ത് മാത്രമാണ് മഴയില്ലാത്തത്. ഉച്ചയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ ബൂത്തുകളിലേക്കും ആളുകളെയെത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശക്തികേന്ദ്രമായ പല ബൂത്തുകളിലും വോട്ട് ചെയ്യാന്‍ ആളുകളെത്താത്തതാണ് നിലവില്‍ പാര്‍ട്ടികളെ കുഴക്കുന്നത്. അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാലും എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും എന്നാല്‍ കേന്ദ്രനിരീക്ഷകയുടെ നിലപാടാണ് തടസം നില്‍ക്കുന്നതെന്നും മുല്ലപ്പള്ളി അറിയിച്ചു.
ഏത് പ്രതികൂല സാഹചര്യമുണ്ടായാലും അവസാനത്തെ വോട്ടര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കണം. അതിനുള്ള സൗകര്യമൊരുക്കണം. തത്കാലം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.
മുല്ലപ്പള്ളി രാമചന്ദ്രന്‍
കനത്ത മഴ തുടരുന്നുണ്ടെങ്കിലും നിലവില്‍ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും അത് പരിഹരിക്കാന്‍ നടപടികള്‍ ജില്ലാ ഭരണകൂടം എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. വോട്ടിങ്ങ് സമയം കൂടുതല്‍ നല്‍കുക മാത്രമാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.