രാഹുൽ യോഗ്യൻ; എം.പി സ്ഥാനം പുനഃസ്ഥാപിച്ചു

രാഹുൽ യോഗ്യൻ; എം.പി സ്ഥാനം പുനഃസ്ഥാപിച്ചു
Published on

അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്. അയോഗ്യത നീക്കുന്നതായും അംഗത്വം പുനഃസ്ഥാപിക്കുന്നതായും ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം വഴി അറിയിച്ചു.

എൻഡിഎ സർക്കാർ അവിശ്വാസപ്രമേയം അഭിമുഖീകരിക്കാൻ പോകുന്ന ഈ സമയത്ത് തന്നെ രാഹുൽ പാർലമെന്റിലേക്ക് തിരിച്ചെത്തുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് ആവേശം നൽകുന്നുണ്ട്. ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തെ തുടർന്ന് അവിശ്വാസപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ പ്രധാന മുഖമായി രാഹുൽ ഗാന്ധിയുണ്ടാകും എന്ന് കോൺഗ്രസ് അറിയിച്ചു.

2019 ൽ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലെ മോഡി പരാമർശത്തെ തുടർന്ന് ബി.ജെ.പി എം.എൽ.എ പൂർണേഷ് മോഡി നൽകിയ അപകീർത്തി കേസിലാണ് സൂറത്ത് കോടതി രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും രണ്ട് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തത്. ഈ വിധിയുടെ പശ്ചാത്തലത്തിൽ മാർച്ച് 23 മുതൽ മുൻകാല പ്രാബല്യത്തോടെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രെട്ടറിയേറ്റിന്റെ ഉത്തരവ് വരുന്നത് മാർച്ച് 24 നാണ്.

ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ സൂറത്ത് കോടതിയിലും ഗുജറാത്ത് ഹൈക്കോടതിയിലും ഹർജികൾ നൽകിയെങ്കിലും കോടതികൾ നിലവിലെ വിധി ശരിവെക്കുകയാണുണ്ടായത്. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്തുകൊണ്ട് ഈ കേസിൽ പരമാവധി ശിക്ഷ തന്നെ കീഴ്‌ക്കോടതികൾ നൽകി എന്ന് ചോദിച്ച സുപ്രീം കോടതി നിലവിലെ ശിക്ഷാ വിധി സ്റ്റേ ചെയ്തുകൊണ്ട് ഓഗസ്റ്റ് 4 ന് ഉത്തരവിറക്കി. രണ്ടു വർഷം തടവ്ശിക്ഷ ലഭിച്ചതുകൊണ്ടാണ് റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് ബാധകമാവുകയും രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തത്. ഈ ശിക്ഷ സ്റ്റേ ചെയ്യപ്പെട്ടതോടെ നിയമത്തിന്റെ പരിധിയിൽ നിന്ന് രാഹുൽ ഒഴിവായി.

Related Stories

No stories found.
logo
The Cue
www.thecue.in