വയനാട്ടിലേക്ക് 50 ടണ്‍ അരിയും അവശ്യവസ്തുക്കളുമെത്തി; മൂന്ന് ഘട്ടങ്ങളിലായി രാഹുല്‍ ഗാന്ധിയുടെ അടിയന്തര സഹായം
പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്ന വയനാടിന് രാഹുല്‍ ഗാന്ധിയുടെ അടിയന്തിര സഹായം. എംപി ഓഫീസ് മുഖേന 50 ടണ്‍ അരിയുള്‍പ്പെടെ ഭക്ഷ്യവസ്തുക്കളും മറ്റ് സാമഗ്രികളും വയനാട് മണ്ഡലത്തിലെത്തി. കവളപ്പാറ ദുരന്തത്തിന് ഇരയായവര്‍ കഴിയുന്ന പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപ് രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസം ദുരിതബാധിത പ്രദേശങ്ങളില്‍ ചെലവഴിച്ച ശേഷം വയനാട് എംപി നല്‍കിയ നിര്‍ദേശ പ്രകാരമാണ് അടിയന്തിര സഹായം എത്തിയിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് സഹായം. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ, തുടങ്ങിവ. രണ്ടാം ഘട്ടത്തില്‍ അഞ്ച് കിലോ അരിയടങ്ങുന്ന കിറ്റ് പതിനായിരം കുടുംബങ്ങള്‍ക്ക് നല്‍കും. ഇവയുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. വീട് വൃത്തിയാക്കുന്നതിന് ആവശ്യമായ ശുചീകരണവസ്തുക്കളാണ് മൂന്നാം ഘട്ടത്തില്‍ മണ്ഡലത്തിലെത്തുക. ഈ മാസം അവസാനത്തോടെ രാഹുല്‍ ഗാന്ധി ദുരിതബാധിതപ്രദേശങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.