'രാമന്റെ പേരിലുള്ള വിശ്വാസവഞ്ചന പൊറുക്കാനാകില്ല'; അയോധ്യ ഭൂമി ഇടപാടിലെ അഴിമതി ആരോപണത്തില്‍ രാഹുല്‍ ഗാന്ധി

'രാമന്റെ പേരിലുള്ള വിശ്വാസവഞ്ചന പൊറുക്കാനാകില്ല'; അയോധ്യ ഭൂമി ഇടപാടിലെ അഴിമതി ആരോപണത്തില്‍ രാഹുല്‍ ഗാന്ധി
Published on

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രണ്ട് കോടി രൂപ വിലയുള്ള ഭൂമി ഇടനിലക്കാരില്‍ നിന്ന് രാമജന്മഭൂമി ട്രസ്റ്റ് 18 കോടിക്ക് വാങ്ങിയെന്ന ആരോപണത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

നീതി, സത്യം, വിശ്വാസം എന്നിവയുടെ പ്രതിരൂപമായ ശ്രീരാമന്റെ പേരിലുള്ള വിശ്വാസവഞ്ചന പൊറുക്കാനാകാത്തതാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

അയോധ്യ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിനെതിരെ നിരവധി പേര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതേസമയം അഴിമതി ആരോപണം തള്ളി ട്രസ്റ്റും മുന്നോട്ട് വന്നിരുന്നു.

നടപടിക്രമങ്ങള്‍ പാലിച്ചാണ് ഭൂമി ഇടപാട് നടന്നതെന്നും ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത് എന്നുമായിരുന്നു വിഷയത്തില്‍ ട്രസ്റ്റിന്റെ പ്രതികരണം. 2 കോടി വിലയുള്ള ഭൂമി വാങ്ങി മണിക്കുറുകള്‍ക്കകം 18 കോടിക്ക് ട്രസ്റ്റിന് കൈമാറിയെന്നായിരുന്നു ആരോപണം.

സമാജ്‌വാദി പാര്‍ട്ടി, എഎപി തുടങ്ങിയ പാര്‍ട്ടികളാണ് വിഷയം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in