രാജമ്മയെ തേടി രാഹുല്‍ ഗാന്ധിയെത്തി, പിറന്നുവീണ ഉടനെ രാഹുലിനെ കയ്യിലെടുത്ത  വയനാടന്‍ നഴ്‌സിന്റെ കാത്തിരിപ്പ് വെറുതെയായില്ല 

രാജമ്മയെ തേടി രാഹുല്‍ ഗാന്ധിയെത്തി, പിറന്നുവീണ ഉടനെ രാഹുലിനെ കയ്യിലെടുത്ത വയനാടന്‍ നഴ്‌സിന്റെ കാത്തിരിപ്പ് വെറുതെയായില്ല 

Published on

രാഹുല്‍ ഗാന്ധിയെ അവന്റെ അച്ഛനും അമ്മയ്ക്കും മുമ്പ് കയ്യിലെടുത്തത് താനാണെന്ന് പറഞ്ഞ് രാഹുലിന്റെ വയനാടന്‍ വരവിനായി കാത്തിരുന്ന നഴ്‌സ് രാജമ്മയ്ക്ക് ഇത് സന്തോഷത്തിന്റെ ദിനം. വന്‍ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച വയനാട്ടുകാര്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധി രാജമ്മയെ കാണാനെത്തി. രാഹുല്‍ ഗാന്ധി നെഞ്ചോട് ചേര്‍ത്തപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു വയനാട്ടിലെ ഈ റിട്ടയേര്‍ഡ് നഴ്‌സിന്.

ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ രാഹുല്‍ ഗാന്ധി പിറന്നുവീഴുമ്പോള്‍ അവിടുത്തെ ലേബര്‍ റൂമിലെ ഡ്യൂട്ടിയിലായിരുന്നു വയനാട്ടുകാരി രാജമ്മ വാവത്തില്‍. പ്രധാനമന്ത്രിയുടെ പൗത്രനെ കയ്യിലെടുക്കാന്‍ കിട്ടിയ അവസരം നിധി പോലെ ഓമനിക്കുന്നവര്‍ക്ക് 48 വര്‍ഷത്തിന് ശേഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുന്നതിനും സാക്ഷിയാകാനായി.

രാജമ്മയെ തേടി രാഹുല്‍ ഗാന്ധിയെത്തി, പിറന്നുവീണ ഉടനെ രാഹുലിനെ കയ്യിലെടുത്ത  വയനാടന്‍ നഴ്‌സിന്റെ കാത്തിരിപ്പ് വെറുതെയായില്ല 
‘രാഹുലിനെ അവന്റെ അച്ഛനും അമ്മയ്ക്കും മുമ്പേ കയ്യിലെടുത്തത് ഞാനാണ്’; ഈ വയനാടന്‍ നഴ്‌സിന് പറയാനുണ്ട് 48 കൊല്ലം മുമ്പത്തെ കഥ 

നേരത്തെ പഴയ കഥകള്‍ മാധ്യമങ്ങളോട് പറയുമ്പോഴും രാജമ്മ പറഞ്ഞ ഏക ആഗ്രഹം രാഹുല്‍ ഗാന്ധിയെ കാണണമെന്നായിരുന്നു. ആ ആഗ്രഹമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാധിച്ചു കൊടുത്തത്. വയനാട്ടിലെ വോട്ടര്‍ കൂടിയായ രാജമ്മ തന്റെ 'പേരക്കുട്ടി'ക്കല്ലാതെ മറ്റാര്‍ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു രാഹുലിനാണോ വോട്ട് ചെയ്തതെന്ന ചോദ്യത്തില്‍ മുമ്പ് പ്രതികരിച്ചത്.

പിറന്നുവീണ കുഞ്ഞുരാഹുലിനെ ആദ്യം വാരിയെടുത്ത കൈകള്‍ ഇന്ന് രാഹുല്‍ഗാന്ധിയെ വാരിപുണര്‍ന്നു എന്ന് എഴുതി ഷാഫി പറമ്പില്‍ എംഎല്‍എയാണ് രാജമ്മയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതിന്റെ ചിത്രം പങ്കുവെച്ചത്.

1970 ജൂണ്‍ മാസത്തില്‍ രാഹുല്‍ഗാന്ധി ജനിച്ച ഡല്‍ഹി ഹോളിഫാമിലി ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നു.

നേഴ്‌സ് ജോലിയില്‍ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. ഇന്നിപ്പോള്‍ വിജയിച്ചു നന്ദി പറയാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയപ്പോള്‍ വോട്ടര്‍ കൂടിയായ രാജമ്മയെ കാണാന്‍ മറന്നില്ലെന്നും സ്‌നേഹനിര്‍ഭരമായിരുന്നു ഈ കൂടിക്കാഴ്ചയെന്നും ഷാഫി പറമ്പില്‍ കുറിച്ചു. ഉറ്റവരെ എന്നും ചേര്‍ത്തുനിര്‍ത്തുന്ന രാഹുല്‍ഗാന്ധിയുടെ ഏറെ പ്രിയപ്പെട്ട ഒരാളാണ് ഈ വയനാടുകാരിയെന്നും

എംഎല്‍എ കുറിച്ചു. അമ്മ സോണിയാഗാന്ധിക്കും അച്ഛന്‍ രാജീവ്ഗാന്ധിക്കും മുന്നേ രാഹുല്‍ഗാന്ധിയെ തലോടിയ കൈകള്‍ തന്റേതാണെന്നു രാജമ്മ സ്‌നേഹപൂര്‍വ്വം പറയുന്നുണ്ടെന്നും ഷാഫി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1970 ജൂണ്‍ 19ന് ആണ് ഗാന്ധി കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തിയത്. പ്രധാനമന്ത്രിയുടെ പേരക്കുട്ടിയെ സ്വീകരിക്കാനുള്ള ആവേശം നിങ്ങള്‍ക്ക് ഊഹിക്കാം. ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലെ എല്ലാവരും ആ ഉത്സാഹത്തിലായിരുന്നു. രാഹുല്‍ ഓമനത്തം തുളുമ്പുന്ന മിടുക്കന്‍ കുട്ടിയായിരുന്നു. അവന്റെ മാതാപിതാക്കള്‍ കാണുകയും എടുക്കുകയും ചെയ്യും മുമ്പേ ഞങ്ങളാണ് അവനെ എടുത്തതും കണ്ടതും. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടിയെ കയ്യിലെടുക്കാന്‍ ഡ്യൂട്ടിയിലുള്ള എല്ലാവരും ഊഴംകാത്തുനില്‍ക്കുകയായിരുന്നു.

രാജമ്മ വാവത്തില്‍

സോണിയ ഗാന്ധിയെ ലേബര്‍ റൂമില്‍ പരിചരിക്കുമ്പോള്‍ 23 വയസായിരുന്നു രാജമ്മയ്ക്ക്. 72 വയസുകാരി രാജമ്മ വാവത്തില്‍ നഴ്സായി വിരമിച്ച് നാട്ടില്‍ വിശ്രമ ജീവിതത്തിലാണ്. 1987ല്‍ അഹമ്മദാബാദില്‍ ആര്‍മിക്ക് വേണ്ടി പ്രവര്‍ത്തിച്ച ശേഷമാണ് വിരമിച്ച് നാട്ടിലെത്തിയത്.

logo
The Cue
www.thecue.in