നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഐ.പി.എസ്. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും ദിലീപ് നിരപരാധിയാണെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നുമാണ് ശ്രീലേഖയുടെ അവകാശ വാദം.
പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ അവകാശ വാദം.
ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ആണ്. അത് മറ്റൊരു ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ. ജയിലില്‍ നിന്നും മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് സുനി അല്ല എഴുതിയത്. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസ് പറഞ്ഞിട്ടാണ് അത്തരമൊരു കത്ത് എഴുതിയതെന്നും ശ്രീലേഖ പറയുന്നു.
'ദിലീപിനെതിരായ തെളിവായി എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനി നില്‍ക്കുന്ന ചിത്രമാണ്. ദിലീപും വേറെ ഒരാളും നില്‍ക്കുമ്പോള്‍ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം. അന്ന് ആ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേ എന്ന് ഞാന്‍ വെറുതേ പറഞ്ഞു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു; ശരിയാണ് ശ്രീലേഖ പറഞ്ഞത്. അത് ഫോട്ടോഷോപ്പ് തന്നെയാണ് എന്ന്. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വലിയ ഷോക്കായിരുന്നു,' ശ്രീലേഖ പറഞ്ഞു.
സാക്ഷികള്‍ കൂറുമാറാന്‍ കാരണം പൊലീസ് അന്വേഷണം കൃത്യമായി നടക്കാത്തതാണ്. പള്‍സര്‍ സുനി മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്ക് അറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണോ എന്നതില്‍ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാന്‍ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവര്‍ മുന്‍പും ചെയ്തിട്ടുള്ളത്. ക്വട്ടേഷന്‍ അല്ല. ഇവര്‍ അറസ്റ്റിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഗൂഡാലോചന വാര്‍ത്ത പുറത്തുവരുന്നത്. ജയിലില്‍ പള്‍സര്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചത് പൊലീസുകരാണ്. ദിലീപും പള്‍സര്‍ സുനിയും കണ്ടതിന് തെളിവുകളില്ലെന്നും ആര്‍. ശ്രീലേഖ.
താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നതായും വീഡിയോയില്‍ ശ്രീലേഖ പറയുന്നുണ്ട്.
നേരത്തെയും ദിലീപിനെ പിന്തുണച്ചു കൊണ്ട് ആര്‍.ശ്രീലേഖ രംഗത്തെത്തിയിരുന്നു.