ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന, സമരക്കാര്‍ മുഴുവന്‍ അക്രമികളെന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ല; ആര്‍ ചന്ദ്രശേഖരന്‍

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന, സമരക്കാര്‍ മുഴുവന്‍ അക്രമികളെന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ല; ആര്‍ ചന്ദ്രശേഖരന്‍
Published on

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍. കോണ്‍ഗ്രസുമായി ഇഴുകിച്ചേര്‍ന്ന സംഘടന പോഷക സംഘടനകളുടെ ലിസ്റ്റില്‍ തന്നെയാണ് ഉള്ളതെന്നാണ് ചന്ദ്രശേഖരന്‍ പറഞ്ഞത്.

സമരത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മൊത്തമായി അക്ഷേപിക്കരുതെന്നും സതീശന്‍ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഏതൊരു സമരവും അടിസ്ഥാനപരമായി വിജയിക്കുന്നതിന് കാരണം പണിയെടുക്കുന്ന തൊഴിലാളികളാണ്. എല്ലാ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ശക്തിയാണ് ഏതൊരു പ്രസ്ഥാനത്തെയും മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

'ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അത് വെബ്‌സൈറ്റില്‍ ഉണ്ട്. അതില്‍ ഐ.എന്‍.ടി.യു.സി പോഷക സംഘടനകളുടെ ലിസ്റ്റില്‍ തന്നെയാണ്. കേരളം ആസകലം അക്രമങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് സതീശന്‍ പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ഒരു ദേശീയ പണിമുടക്ക് നടത്തിയാല്‍, ഒരു സത്യഗ്രഹം നടത്തിയാല്‍, ഒരു ജാഥ നടത്തിയാല്‍ കുറെ പേര്‍ക്ക് അസൗകര്യം വരും. പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും ജാഥ നടത്തിയാല്‍ ആളുകള്‍ക്ക് അസൗകര്യം വരും. എന്ത് ജനകീയ പ്രക്ഷോഭം നടത്തിയാലും അത് എത്ര സമാധാനപരമായാലും കുറച്ച് പേര്‍ക്ക് അതുകൊണ്ട് അസൗകര്യമുണ്ടാകും. 48 മണിക്കൂര്‍ നീളമുള്ള ഏറ്റവും ശക്തമായ ഒരു പണിമുടക്കാണ് അന്ന് നടത്തിയത്. പക്ഷെ സമരവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ഉണ്ടാകണമെന്ന് ഞങ്ങള്‍ ആരും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട്, അത്തരം അക്രമസംഭവങ്ങള്‍ എവിടെയെങ്കിലും ഉണ്ടായാല്‍ അതിനെ ഒന്നടങ്കം ആക്ഷേപിച്ച് സംസാരിക്കാന്‍ കഴിയില്ല. സമരവുമായി ബന്ധപ്പെട്ട ദീര്‍ഘനാളത്തെ സമര പരിപാടികള്‍ നേരത്തെ തന്നെ പറഞ്ഞതാണ്. ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറക്കരുത്, സമരത്തോട് സഹകരിക്കണം എന്നും പറഞ്ഞിരുന്നതാണ്. ചിലര്‍ക്ക് ചില അസൗകര്യമുണ്ടായിട്ടുണ്ട്. പക്ഷെ അതുകൊണ്ട് സമരക്കാര്‍ മുഴുവന്‍ അക്രമകാരികളാണ് എന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ല,' ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐഎന്‍ടിയുസി 75ാം വാര്‍ഷികാഘോഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും എ.കെ. ആന്റണി, വി.ഡി. സതീശന്‍, കെ. സുധാകരന്‍ എന്നിവരടക്കമുള്ള നേതാക്കളെല്ലാം പങ്കെടുക്കുമെന്നും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in