രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.
രാഷ്ട്രപതിക്കുള്ള ഡിലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തടഞ്ഞിട്ടില്ല. ഡിലിറ്റ് തീരുമാനിക്കുന്നത് സര്‍വകലാശാലയാണെന്നും ആര്‍. ബിന്ദു പറഞ്ഞു.
ഓണററി ബിരുദം നല്‍കുന്നത് സര്‍വകലാശാലയുടെ സ്വയംഭരണ അവകാശമാണ്. ചെന്നിത്തലയുടേത് തെറ്റായ ആരോപണമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്നാണ് രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
വിസി നിയമനത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രി കത്തെഴുതിയത് തെറ്റാണെന്ന് ഗവര്‍ണര്‍ പലതവണ പറഞ്ഞിരുന്നു. കത്തെഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു.