സാബുവിന് രാഷ്ട്രീയ വൈരാഗ്യം; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി.വി ശ്രീനിജന്‍ എം.എല്‍.എ

സാബുവിന് രാഷ്ട്രീയ വൈരാഗ്യം; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി.വി ശ്രീനിജന്‍ എം.എല്‍.എ

Published on

ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സാബു എം ജേക്കബിന്റെ ആരോപണത്തിന് മറുപടിയുമായി കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ. പോലീസ് ജീപ്പ് കത്തിച്ചപ്പോൾ അതിനെതിരെ നിലപാട് എടുത്തതിനുള്ള വൈരാഗ്യമാണ് സാബുവിനെന്ന് പി.വി ശ്രീനിജൻ പ്രതികരിച്ചു. ഏതൊരന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രേരിതമായി തന്റെ പേര് ഉപയോഗിച്ചതിന് സാബു എം ജേക്കബിനെതിരെ നിയമനടപടി സ്വീകരിക്കും. തെളിവുകളുണ്ടെങ്കിൽ പുറത്തു വിടട്ടെയെന്നും ഫോൺ ഉൾപ്പടെ അന്വേഷണത്തിനായി പോലീസിന് വിട്ട് നൽകാൻ തയ്യാറാണെന്നും ശ്രീനിജൻ പറഞ്ഞു.

ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാൻ ശ്രമം നടക്കുന്നുവെന്ന് കുടുംബവും ട്വന്റി 20 ഭാരവാഹികളും ആരോപണം ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് പോസ്റ്റ്മാർട്ടം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.

സംഭവത്തിൽ നാല് പ്രതികളെ വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ദീപുവിന്റെ മരണത്തോടെ ഇവർക്കെതിരെ കൊലപാതക കുറ്റത്തിനുള്ള കേസ് എടുത്തു.

കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് രംഗത്തെത്തിയിരുന്നു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും ആക്രമണത്തിന് മുന്‍പും ശേഷവും കൊലയാളികള്‍ പി.വി ശ്രീനിജന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടിരുന്നെന്നും സാബു പറഞ്ഞിരുന്നു. കൊലപാതക കേസില്‍ ഒന്നാം പ്രതിയാക്കേണ്ടത് ശ്രീനിജനെയാണെന്നും അദ്ദേഹം ആരോപിച്ചു.

logo
The Cue
www.thecue.in