തിയേറ്ററുകള്‍ അടച്ചു; പുനീത് രാജ്കുമാറിന്റെ മരണത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കര്‍ണാടക

തിയേറ്ററുകള്‍ അടച്ചു; പുനീത് രാജ്കുമാറിന്റെ മരണത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കര്‍ണാടക
Published on

കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കര്‍ണാടകയിലെ തിയേറ്ററുകള്‍ അടച്ചു. മരണവാര്‍ത്തയ്ക്ക് പിന്നാലെ തിയേറ്ററുകള്‍ അടച്ചിടാന്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് കര്‍ണാടകയില്‍ ഒരുക്കിയിട്ടുള്ളത്.

സൂപ്പര്‍ താരമായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പുനീത് രാജ്കുമാറിന്റെ മരണം. പുനീത് രാജ്കുമാര്‍ ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ പ്രവേശിപ്പിച്ച വിക്രം ഹോസ്പിറ്റലിന് മുന്നില്‍ വന്‍ ജനക്കൂട്ടം അണിനിരന്നിരുന്നു. വെള്ളിയാഴ്ച രാവിലെ 11.40നാണ് അദ്ദേഹത്തെ വിക്രം ഹോസ്പിറ്റലില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഇല്ലായിരുന്നെന്ന് വിക്രം ഹോസ്പിറ്റല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായും വിജയ നായകനായി തുടരുന്നതിനിടയിലുമാണ് അദ്ദേഹത്തിന്റെ അകാല വിയോഗം. പ്രശസ്ത നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായാണ് സിനിമാ പ്രവേശം. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിയവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. നടന്‍, അവതാരകന്‍, പിന്നണി ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in