'വിദ്വേഷ പ്രസംഗം വിദ്യാര്‍ത്ഥികളെ ബാധിച്ചു'; അനുരാഗ് ഠാക്കൂറിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഷേധം

'വിദ്വേഷ പ്രസംഗം വിദ്യാര്‍ത്ഥികളെ ബാധിച്ചു'; അനുരാഗ് ഠാക്കൂറിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഷേധം
Published on

പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയില്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍. വ്യാഴാഴ്ച ക്യാംപസിലെത്തിയ കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധവുമായി മൂന്നൂറോളം വരുന്ന വിദ്യാര്‍ത്ഥികളാണ് പ്ലക്കാര്‍ഡുമായി നിശബ്ദ പ്രകടനം നടത്തിയത്.

അനുരാഗ് ഠാക്കൂര്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ഇന്ത്യയുടെ വൈവിധ്യവും മതേതരത്വവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകളാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്.

അനുരാഗ് ഠാക്കൂറിന്റെ വിദ്വേഷ പ്രസംഗവും കലാപാഹ്വാനവും തങ്ങളുടെ വിദ്യാര്‍ത്ഥി സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്നും എഫ്ടിഐഐ വിദ്യാര്‍ത്ഥി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സമദ്രിത ഘോഷ് ദ വയറിനോട് പറഞ്ഞു. 2020ല്‍ ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അനുരാഗ് ഠാക്കൂര്‍ നടത്തിയ ഗോലി മാരോ സാലോം കോ ( ദേശദ്രോഹികളെ വെടിവെക്കുക) എന്ന മുദ്രാവാക്യം ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇത് വ്യക്തമാക്കിയത്.

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ നിരന്തരമായി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്ന കാര്യം ഉച്ചത്തില്‍ പറയേണ്ടതുണ്ടെന്ന് ചിന്തിച്ചതിന്റെ ഭാഗമായാണ് പ്രകടനം നടത്തിയതെന്നും സമദ്രിത ഘോഷ പറഞ്ഞു.

പ്രതിഷേധം സമാധാനപരമായിരുന്നെന്നും ക്യാംപസിലെ പരിപാടിയെ മോശമായി ബാധിച്ചിട്ടില്ലെന്നും സമദ്രിത വ്യക്തമാക്കി.

അതേസമയം മന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഠാക്കൂര്‍ മന്ത്രി സഭയിലെ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി. മന്ത്രി വരുന്ന സാഹചര്യത്തില്‍ യാതൊരു പ്രകടനങ്ങളും നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നും സമദ്രിത പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in