സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയില്‍ പൊട്ടിക്കരഞ്ഞതിന്റെ പേരില്‍ സമൂഹമാധ്യങ്ങളില്‍ അസഭ്യവര്‍ഷമെന്ന് ഉദ്യോഗാര്‍ത്ഥി. സര്‍ക്കാരിനെ മോശമാക്കാനല്ല സമരം നടത്തുന്നത്. ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് കരഞ്ഞത്.ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ പെട്ട ഉദ്യോഗാര്‍ത്ഥിയാണ് തൃശൂര്‍ സ്വദേശിനി ലയ. ഇന്നലെ സമരത്തിനിടെ പൊട്ടിക്കരയുന്ന ലയയുടെ ഫോട്ടോ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തിരുന്നു.
ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യശ്രമത്തിന് പിന്നാലെയായിരുന്നു ലയ സുഹൃത്തിനെ കെട്ടിപ്പിടിച്ച് കരഞ്ഞത്. നാടകം കളിക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം. ഇതിന് ലയയുടെ മറുപടി ഇങ്ങനെ.
നാടകം കളിക്കാന്‍ തിരുവനന്തപുരത്ത് വന്ന് പൊരിവെയിലത്ത് നില്‍ക്കേണ്ടതില്ല. തൃശൂര്‍ റൗണ്ടില്‍ തന്നെ നാടകം കളിക്കാം. ജീവിത സാഹചര്യങ്ങളാണ് കരിയിപ്പിച്ചത്. ഓട്ടോ ഡ്രൈവറാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ചെറിയ കുട്ടികളാണ്. ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ ജീവിതം സേഫായി എന്ന ചിന്തയുണ്ട്. സര്‍ക്കാരിനെ മോശമാക്കാനോ പ്രതിരോധത്തിലാക്കാനോ അല്ല സമരം ചെയ്യുന്നത്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ കേള്‍ക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷ.