ശിവരഞ്ജിത്ത് പിഎസ്‌സിയ്ക്ക് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സംശയം; സാക്ഷ്യപത്രത്തിലെ സീല്‍ വീട്ടില്‍ നിന്ന് കിട്ടിയത്?
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് പിഎസ്‌സിയ്ക്ക് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം. കെഎപി നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് നല്‍കിയ കായിക സാക്ഷ്യപത്രം യഥാര്‍ത്ഥമാണോയെന്നാണ് പരിശോധിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ പിഎസ്‌സി സാങ്കേതിക വിഭാഗം ആഭ്യന്തര വിജിലന്‍സിനും പൊലീസിനും കൈമാറും.
2017ല്‍ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അമ്പെയ്ത്ത് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് സ്‌പോട്‌സ് വെയിറ്റേജ് ലഭിക്കാനായി ശിവരഞ്ജിത്ത് പിഎസ്‌സിയ്ക്ക് സമര്‍പ്പിച്ചിരുന്നു. പങ്കാളിത്തത്തിന് വെയിറ്റേജ് നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ തള്ളി. തുടര്‍ന്ന് 2014ല്‍ നടന്ന കേരള സര്‍വ്വകലാശാല ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം ലഭിച്ചെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റുമായി ശിവരഞ്ജിത് പിഎസ്‌സിയെ സമീപിച്ചു. സര്‍ട്ടിഫിക്കറ്റില്‍ സ്‌പോട്‌സ് കൗണ്‍സില്‍ അഡീഷണല്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയതായുണ്ട്. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ ഒപ്പും സീലും സാക്ഷ്യപത്രത്തിലുണ്ട്. ഇത് പരിഗണിച്ച പിഎസ്‌സി എസ്എഫ്‌ഐ നേതാവിന് സ്‌പോട്‌സ് വെയ്‌റ്റേജായി 13.58 മാര്‍ക്ക് നല്‍കുകയായിരുന്നു. ഒഎംആര്‍ പരീക്ഷയില്‍ 78.33 മാര്‍ക്കും കൂടി ലഭിച്ചതോടെ ശിവരഞ്ജിത് 91.9 മാര്‍ക്കുമായി റാങ്ക് ലിസ്റ്റില്‍ ഒന്നാമതായി.
പ്രതികള്‍ക്ക് പിഎസ്‌സി പരീക്ഷാകേന്ദ്രത്തില്‍ നിന്ന് സഹായം ലഭിച്ചോ ചോദ്യം ചോര്‍ന്നോ തുടങ്ങിയ സംശയങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീല്‍ കണ്ടെത്തിയതോടെയാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന സംശയം ഉയര്‍ന്നത്. ഒട്ടും എളുപ്പമല്ലാതിരുന്ന പരീക്ഷയില്‍ നിരന്തര പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഉയര്‍ന്ന റാങ്ക് ലഭിക്കൂ എന്ന് പിഎസ്‌സി അംഗങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും എഴുതിയ പിഎസ്‌സി പരീക്ഷകള്‍ അടക്കം എല്ലാം പരിശോധിക്കാന്‍ പിഎസ്‌സി ചെയര്‍മാന്‍ ആഭ്യന്തര വിജിലന്‍സിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.