പിഎസ്‌സിയും കോപ്പിയടിച്ചു; ഓക്‌സ്‌ഫോഡ് പ്രസിന്റെ ചോദ്യങ്ങള്‍ അടിച്ചുമാറ്റി പകര്‍ത്തിയത് അതേപടി
എസ്എഫ്‌ഐ നേതാക്കളുടെ പരീക്ഷാ തട്ടിപ്പ് വ്യക്തമായതിന് പിന്നാലെ പിഎസ്‌സിയുടെ തന്നെ കോപ്പിയടിയും പുറത്ത്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ വെബ് സൈറ്റില്‍ നിന്ന് പത്ത് ചോദ്യങ്ങള്‍ പിഎസ്‌സി അതേ പോലെ പകര്‍ത്തുകയായിരുന്നു. ജയില്‍ വകുപ്പിന്റെ വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന പരീക്ഷയിലെ ക്രിമിനോളജി വിഭാഗത്തില്‍ ചേര്‍ക്കാന്‍ വേണ്ടിയാണ് പിഎസ്‌സിയുടെ അടിച്ചുമാറ്റല്‍. വെബ്‌സൈറ്റിലുള്ള ചോദ്യങ്ങള്‍ ഓപ്ഷനുകളിലോ, വാക്യഘടനകളിലോ മാറ്റമില്ലാതെ ഒഎംആര്‍ പരീക്ഷയില്‍ അവതരിപ്പിക്കുകയാണുണ്ടായത്.
വെബ് സൈറ്റിലെ ആദ്യ 12 ചോദ്യങ്ങളിലെ പത്തെണ്ണമാണ് പിഎസ്‌സി എടുത്തത്. ഓപ്ഷനുകളുടെ ക്രമത്തില്‍ പോലും മാറ്റമില്ലാതെയാണ് ആകെയുള്ള പത്ത് ചോദ്യങ്ങളും. ബിഎസ്ഡബ്ലിയു, എംഎസ്ഡബ്ലിയും യോഗ്യതയുള്ളവര്‍ക്ക് വേണ്ടിയായിരുന്നു പരീക്ഷ. ക്രിമിനോളജി ക്വിസിനേക്കുറിച്ച് ഗൂഗിളില്‍ തെരഞ്ഞാല്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന ചോദ്യങ്ങളാണ് പിഎസ്‌സി പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്.
ജനുവരി 22ന് നടന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയ്‌ക്കെതിരെയും കോപ്പിയടി പരാതി ഉയര്‍ന്നിരുന്നു. ആകെയുള്ള നൂറ് ചോദ്യങ്ങളില്‍ 80 എണ്ണവും സ്വകാര്യഗൈഡില്‍ നിന്ന് വള്ളിപുള്ളി വിടാതെ കോപ്പിയടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി. തെളിവുസഹിതം പരാതി നല്‍കിയെങ്കിലും പിഎസ്‌സി തിരിഞ്ഞുനോക്കിയില്ലെന്നും വിമര്‍ശനമുണ്ട്.