പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിമാസ പ്രഭാഷണ പരിപാടി മന്‍കി ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധവുമായി കര്‍ഷകര്‍. ഹരിയാനയിലെ റോത്തക് അതിര്‍ത്തിമേഖലയിലായിരുന്നു പ്രതിഷേധം.
കര്‍ഷകരെയും,കാര്‍ഷിക മേഖലയെയും തകര്‍ക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവര്‍ത്തിച്ചായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി എന്നാണ് ഞങ്ങളെ കേള്‍ക്കുക എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നതെന്നും തങ്ങളുടെ ശബ്ദം പ്രധാനമന്ത്രിക്ക് മുന്നിലെത്താനാണ് ഇത്തരമൊരു പ്രതിഷേധരീതിയെന്നും യോഗേന്ദ്രയാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊവിഡ് ലോക്ക് ഡൗണിനോടനുബന്ധിച്ച് രാജ്യമുഴുവനുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമെന്ന നിലയില്‍ വീട്ടില്‍ നിന്ന് പാത്രം കൊട്ടി അഭിവാദ്യമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ പാത്രം കൊട്ടല്‍ മാതൃകയെ പ്രധാനമന്ത്രിക്കെതിരായ സമരരീതിയാക്കുകയായിരുന്നു കര്‍ഷകര്‍.
നിയമങ്ങള് റദ്ദാക്കുന്നതിനുള്ള നടപടികള്‍, ദേശീയ കര്‍ഷക കമ്മീഷന്‍ നിര്‍ദ്ദേശിച്ച താങ്ങ് വില, വൈക്കോല്‍ കത്തിക്കുന്നതിനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടികളില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, എന്നിവയില്‍ ഊന്നിയാകണം കേന്ദ്രം വിളിച്ച ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.