വിഴിഞ്ഞത്ത് കുരിശടി പൊളിക്കാന്‍ സര്‍ക്കാര്‍, പ്രതിഷേധവുമായി വിശ്വാസികള്‍; സംഘര്‍ഷം

വിഴിഞ്ഞത്ത് കുരിശടി പൊളിക്കാന്‍ സര്‍ക്കാര്‍, പ്രതിഷേധവുമായി വിശ്വാസികള്‍; സംഘര്‍ഷം
Published on

വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന് വേണ്ടി കരിമ്പളിക്കരയില്‍ പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതിനെ ചൊല്ലി പ്രതിഷേധം. കുരിശടി പൊളിച്ചു മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.

സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തിനായി കുരിശടി പൊളിച്ച് മാറ്റാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. പ്രദേശത്ത് കുരിശടി കൂടാതെ ഒരു കാണിക്കവഞ്ചി കൂടെയുണ്ട്. ഇതില്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിഞ്ഞദിവസം ഇടവക വികാരികള്‍ എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ സബ് കളക്ടറുമായി നടന്ന ചര്‍ച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന കാര്യം കളക്ടര്‍ പ്രദേശവാസികളെ അറിയിച്ചത്. ഇതോടെ പ്രദേശത്തെ വിശ്വാസികള്‍ അടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

ഇവിടെ പ്രാര്‍ത്ഥന നടത്തണമെന്ന ഇവരുടെ ആവശ്യം പൊലീസ് അനുവദിച്ചില്ല. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം ഇടപെട്ടെങ്കിലും നാട്ടുകാര്‍ സമവായത്തിന് തയ്യാറായിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in