എട്ടു വയസുകാരിക്കുമേല്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; നീതിയാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരവുമായി കുടുംബം

എട്ടു വയസുകാരിക്കുമേല്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; നീതിയാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരവുമായി കുടുംബം
Published on

സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരവുമായി പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായ കുടുംബം. പൊലീസ് ക്രൂരതയ്ക്ക് ഇരയായ എട്ടുവയസുകാരിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. സംവഭം നടന്ന് 28ാം ദിവസമായിട്ടും പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുടുംബം സമരത്തിനെത്തിയത്.

'' നടുറോട്ടില്‍ വെച്ച് എന്റെ മകളെ പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചു. മാനസികമായിട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് തന്നെ ബാലാവകാശ കമ്മീഷനില്‍ നിന്ന് അവള്‍ക്ക് കൗണ്‍സിലിങ്ങ് കൊടുത്തിരുന്നു.

രണ്ട് മൂന്ന് തവണ കൗണ്‍സിലിങ്ങ് നടത്തി. ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതുവരെ നിന്നും ആ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയുണ്ടായില്ല. പൊലീസ് ഉദ്യോഗസ്ഥയെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ഞങ്ങളുടെ ആവശ്യം.

ആ മൊബൈല്‍ കിട്ടിയ ശേഷവും കുട്ടിയോട് ക്ഷമ പോലും ചോദിച്ചിട്ടില്ല. ഐ.ജിയുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇതുവരെയും ആരും വന്ന് അന്വേഷിക്കുകയോ ഞങ്ങളെ വിളിക്കുകയോ ചെയ്തില്ല,'' പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

പിങ്ക് പൊലീസ് എന്ന് പറയുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ളതാണ്. കുട്ടിയെ കരയിപ്പിച്ച് ഉദ്യോഗസ്ഥയ്ക്കാണ് ഇപ്പോള്‍ സംരക്ഷണം ലഭിച്ചിരിക്കുന്നത്. ബാലവകാശ കമ്മീഷനിലും പട്ടികജാതി കമ്മീഷനിലും പരാതി കൊടുത്തിട്ടും നടപടിയുണ്ടാകാത്തതിന്റെ പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസസമരം നടത്തുന്നത് അച്ഛന്‍ ജയചന്ദ്രന്‍ പറഞ്ഞു.

ആഗസ്ത് 28നാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൈമാറിയെന്ന് ആരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനില്‍ കൊണ്ടു പോയി അച്ഛന്റെയും മകളുടെയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. ഫോണ്‍ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയ്യാറായില്ല. ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ രജിതയെ സ്ഥലം മാറ്റിയിരുന്നു. റൂറല്‍ എസ്.പി ഓഫീസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്.

Related Stories

No stories found.
logo
The Cue
www.thecue.in