മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂണിയന്റെയും എംപ്ലോയിസ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ആലപ്പുഴ കളക്ട്രേറ്റിന് മുന്നിലായിരുന്നു ധര്‍ണ. പ്രതിഷേധ ധര്‍ണ്ണ കെ.യു.ഡബ്ല്യു.ജെ നിയുക്ത പ്രസിഡന്റ് എം.വി വിനീത ഉദ്ഘാടനം ചെയ്തു.
നരഹത്യകേസില്‍ ഒന്നാം പ്രതിയായ ആളെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പദവിയിലുള്ള കസേരയില്‍ ഇരുത്തിയത് നിയമ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് വിനീത കുറ്റപ്പെടുത്തി. ശ്രീറാം വെങ്കിട്ടരാമനെ പദവിയില്‍ നിന്ന് നീക്കും വരെ സമരം തുടരുമെന്നും കെ.യു.ഡബ്ല്യു.ജെ യൂണിയന്‍ പ്രഖ്യാപിച്ചു.
ശ്രീറാം വെങ്കിട്ടരാമന്‍ ചൊവ്വാഴ്ചയാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റില്‍ പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
സ്ഥാനമൊഴിയുന്ന ആലപ്പുഴ കളക്ടറും ഭാര്യയുമായ രേണുരാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. രേണു രാജിന് എറണാകുളം ജില്ലാ കളക്ടര്‍ ആയാണ് പുതിയ നിയമനം.