അലനെയും താഹയെയും എന്‍ഐഎക്ക് വിട്ടുകൊടുത്തത് മുഖ്യമന്ത്രിയെന്ന് കെ അജിത, പൊതുജനം കഴുതയല്ലെന്ന് മനസിലാക്കണം
അലന്‍ ഷുഹൈബിനെയും താഹയെയും എന്‍ഐഎക്ക് വിട്ടുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത. എന്നിട്ടിപ്പോള്‍ സിപിഐഎം പീലാത്തോസിനെ പോലെ കൈകഴുകുകയാണ്. പൊതുജനം കഴുതയല്ലെന്ന് പാര്‍ട്ടിയും സര്‍ക്കാരും മനസിലാക്കണം. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു കെ അജിത. ചുറ്റുപാടുമുള്ള കാര്യങ്ങള്‍ മനസിലാക്കിയതാണ് അലന്‍ ഷുഹൈബും താഹ ഫസലും ചെയ്ത തെറ്റ്. പുസ്തകം വായിക്കുന്നതും സ്വപ്‌നം കാണുന്നതും യുവതലമുറയ്ക്ക് ചെയ്യാന്‍ പറ്റാത്ത കുറ്റകൃത്യമാണോ?. ഭരണത്തില്‍ ഉള്ളത് ഞങ്ങളുടെ സഖാക്കളായതിനാല്‍ നീതി ലഭിക്കുമെന്ന് അലന്റെയും താഹയുടെ വീട്ടുകാര്‍ വിശ്വസിച്ചിരുന്നു. ചുവന്ന കൊടിയും ലഘുലേഖയുമാണ് പൊലീസ് അവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. സിപിഎമ്മുകാരുടെ വീട്ടിലൊന്നും ചുവന്ന കൊടി ഇല്ലേ. കോഴിക്കോട്ടുകാര്‍ക്ക് ഈ കുട്ടികളെ അറിയാമെന്നും അവരെ വിട്ടയക്കുന്നത് വരെ കോഴിക്കോട്ടുകാര്‍ വെറുതെ ഇരിക്കില്ലെന്നും പ്രതിഷേധ പരിപാടിയില്‍ കെ അജിത പറഞ്ഞു. അലന്‍ ഷുഹൈബിനും താഹ ഫസലിനുമായി അമ്മമാരുടെ പ്രതിഷേധം ഇനി ഉണ്ടാകണമെന്നും അജിത.
കേരള സര്‍ക്കാര്‍ എന്‍ ഐ എ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയിരിക്കുകയാണെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ മുഴുവന്‍ പ്രതിഷേധിച്ചപ്പോള്‍ ഏറ്റവും ശക്തമായ ശബ്ദം മലയാളികളുടേതായിരുന്നു. അതേ മലയാളികളുടെ മാതൃദേശത്ത്, പ്രിയങ്കരമായ സര്‍ക്കാര്‍ രണ്ട് കുട്ടികളെ അനാഥരാക്കിയിരിക്കുയാണെന്നും കല്‍പ്പറ്റ. യുഡിഎഫ് ഭരിക്കുമ്പോള്‍ ആണ് ഈ അനീതിയെങ്കില്‍ ജനസഹസ്രങ്ങള്‍ കോഴിക്കോട് വരുമായിരുന്നു. പക്ഷേ എല്‍ഡിഎഫ് ആയിരുന്നതിനാല്‍ ഭയപ്പെട്ട് പലരും വന്നില്ലെന്നും കല്‍പ്പറ്റ നാരായണന്‍.
ഇടത് സര്‍ക്കാര്‍ യുഎപിഎ വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ആ ഗവണ്‍മെന്റിന് കീഴിലുള്ള പോലീസിന് രണ്ട് കുട്ടികളുടെ പേരില്‍ യുഎപിഎ ചുമത്താനാകുന്നുവെന്ന് ഡോ.ആസാദ്. അലനും താഹയും എന്താണ് തെറ്റ് ചെയ്തത്, ഏത് ക്രിമിനല്‍ ചെയ്തിയിലാണ് പങ്കെടുത്തത്, എന്താണ് അവര്‍ക്കെതിരെ പരാതി ഉള്ളത്. ഇവിടെയാണ് യുഎപിഎ പ്രശ്‌നമാകുന്നതെന്നും ഡോ. ആസാദ്.
ഓരോരുത്തരെയും ചൂണ്ടി അര്‍ബന്‍ നക്‌സലാണെന്നും മാവോയിസ്റ്റ് ആണെന്നും പറയുന്ന നാട്ടുനാസിപ്പടയാണ് രാജ്യത്ത് ഇറങ്ങിയിരിക്കുന്നത്. ആ പറയുന്നതിന് താഴെ ഒപ്പുവച്ചിരിക്കുയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ എസ്എസ് മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വരാഷ്ട്ര നിര്‍മ്മാണം എന്ന ഫാസിസ്റ്റ് അജണ്ടയ്ക്ക് ഒപ്പുചാര്‍ത്തുകയാണ് പിണറായി സര്‍ക്കാര്‍.
കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലായിരുന്നു പ്രതിഷേധ പരിപാടി. എം എന്‍ കാരശേരിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.