വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട കേസിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാ വിലക്ക്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. എന്നാൽ വിഷയത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഇ.പി ജയരാജന്റെ പ്രതികരണം.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചത്. തുടർന്ന് പുറത്ത് വന്ന ദൃശ്യങ്ങളിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രതിഷേധക്കാരെ തള്ളുന്നത് കാണാമായിരുന്നു.
വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ.പി തടയുകയായിരുന്നു എന്നാണ് സർക്കാർ പറഞ്ഞത്.