ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ ശ്രീനാഥ് ഭാസിക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടന. ഇന്ന് നിര്‍മാതാക്കളുടെ സംഘടന വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ശ്രീനാഥ് ഭാസിയും അവതാരകയും പങ്കെടുത്തിരുന്നു. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചിട്ടുണ്ടെന്നും, ഒരു നടപടി എന്ന രീതിയിലാണ് താത്കാലികമായി മാറ്റി നിര്‍ത്തുന്നതെന്നും, കേസില്‍ ഇടപെടില്ല എന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു.
ഒരാളെ തിരുത്തനാണ് ശിക്ഷാ നടപടി. ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല എന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിട്ടുണ്ട്. കുറ്റം സമ്മതിക്കാത്ത ഒരാളായിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യണമായിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി തെറ്റ് അംഗീകരിച്ച സ്ഥിതിക്ക് നടപടി എടുക്കുക എന്നതാണ് ചെയ്യാനുള്ളത്. അങ്ങനെയാണ് കുറച്ചു കാലത്തേക്ക് സിനിമകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാം എന്ന് തീരുമാനിച്ചത്. നിര്‍മാതാക്കളുടെ സംഘടന പ്രസിഡന്റ് എം. രഞ്ജിത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
എഗ്രിമെന്റില്‍ പറഞ്ഞതിലും കൂടുതല്‍ പണം വാങ്ങി എന്നൊരു പരാതി കൂടി ശ്രീനാഥ് ഭാസിക്കെതിരെ നേരത്തേ ഉണ്ടായിരുന്നു. അതും നമ്മള്‍ ചര്‍ച്ചചെയ്തു. ആ പൈസ തിരിച്ചു നല്‍കാമെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. എല്ലാ കാര്യത്തിലും വളരെ അനുകൂലമായ പ്രതികരണങ്ങളാണ് ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് നിന്നു വന്നത് എന്നും എം രഞ്ജിത് പറഞ്ഞു.
എത്ര നാളത്തേക്കാണ് വിലക്ക് എന്നത് നിര്‍മാതാക്കളുടെ സംഘടന തീരുമാനിക്കും. ശ്രീനാഥ് ഭാസി തെറ്റ് തിരിച്ചറിഞ്ഞ് നന്നാകുന്നതുവരെ എന്നാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂര്‍ത്തിയാക്കാന്‍ നടന് സമയം നല്‍കും. അതിന് ശേഷമായിരിക്കും മാറ്റിനിര്‍ത്തുക.