ധാന്യങ്ങൾ സംഭരിക്കുന്നത് വൈകിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയുള്ള കർഷക പ്രതിഷേധത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് തുടങ്ങേണ്ടിയിരുന്ന ധാന്യശേഖരണം 11 ലേക്ക് മാറ്റിയിരുന്നു. ഈ തീരുമാനത്തിനെതിരെ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ കർഷകർ സമരത്തിലായിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയെക്കണ്ട് കർഷകർക്ക് ഈ തീരുമാനത്തോടുള്ള എതിർപ്പ് ബോധ്യപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പഞ്ചാബിലേയും ഹരിയാനയിലെയും മണ്ഡികളിൽ ധാന്യശേഖരണം തുടങ്ങുകയാണെന്ന തീരുമാനം ദേശീയ ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ അറിയിച്ചത്. നേരത്തെ വിളവെടുപ്പ് നടന്ന പ്രദേശങ്ങളിലെയും മഴ കുറവുള്ള പ്രദേശങ്ങളിലെയും സംഭരണം ഉടൻ തുടങ്ങുമെന്നും തുടർന്ന് മറ്റിടങ്ങളിലേക്കും മെല്ലെ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയെത്തുടർന്നാണ് ധാന്യശേഖരണം ഒക്ടോബർ 11 ലേക്ക് മാറ്റാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. തുടർന്ന് വലിയ രീതിയിലുള്ള കർഷക പ്രക്ഷോഭമാണ് അരങ്ങേറിയത്. പലയിടത്തും കർഷകരെ നിയന്ത്രിക്കാൻ പൊലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു.