നടി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോയുടെ വിശദാംശങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍; ദുരൂഹമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോയുടെ വിശദാംശങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍; ദുരൂഹമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
Published on

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നടി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോയുടെ വിശദാംശങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ കണ്ടെത്തിയത് ദുരൂഹമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ സമയം ചോദിച്ചുകൊണ്ട് അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഡാറ്റകള്‍ ശേഖരിക്കുമ്പോള്‍ അനൂപിന്റെ ഫോണില്‍ നിന്ന് പൊലീസ് ചില ഫോട്ടോകള്‍ കൂടി കണ്ടെടുത്തിരുന്നു. 2017ല്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ പ്രതിയായ പള്‍സര്‍ സുനി എടുത്ത വീഡിയോയുടെ ടൈം കോഡ് അടക്കമുള്ള വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന്റെ ഫോട്ടോകളാണ് അനൂപിന്റെ ഫോണില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത്. ദിലീപിന്റെ അഭിഭാഷകന്‍ ഉണ്ടാക്കിയ രേഖയില്‍ നിന്ന് എടുത്ത ഫോട്ടോകളാണ് തന്റെ പക്കലുള്ളതെന്നാണ് ഇത് സംബന്ധിച്ച് അനൂപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.

'നടിയെ ലൈംഗികമായി ആക്രമിക്കുന്ന വീഡിയോയുടെ വിശദമായ വിവരങ്ങള്‍ അടങ്ങിയ പകര്‍പ്പിന്റെ ചിത്രങ്ങള്‍ അനൂപിന്റെ മൊബൈലില്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ ഡാറ്റകളില്‍ നിന്ന് കണ്ടെത്തി,' എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

കോടതിയില്‍ പ്രതിയും അഭിഭാഷകരും ഒരുമിച്ചാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടതെന്നിരിക്കെ സമയ ക്രമം അടക്കം ഉള്‍പ്പെടുത്തി ദൃശ്യത്തിന്റെ ഇത്രയും വിശദമായ രേഖകള്‍ തയ്യാറാക്കിയത് സംശയാസ്പദമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

നടി ആക്രമിക്കപ്പെട്ടതിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങളോ അല്ലെങ്കില്‍ അതിന്റെ കോപ്പിയോ ദിലീപിന്റെ കൈവശമുണ്ടെന്നും അല്ലാതെ ഇത്രയും വിശദമായ രേഖ ഉണ്ടാക്കാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചുണ്ട്. 2020 ജനുവരിയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2017 ഫെബ്രുവരി 17 ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ 2018 ഡിസംബര്‍ 13ന് ആക്സസ് ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്.

എറണാകുളം സെഷന്‍സ് കോടതിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് 2018 ഡിസംബര്‍ 13നല്ലാതെ മറ്റെപ്പോഴെങ്കിലും ആക്സസ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന വിവരത്തില്‍ കൂടി അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in