നീ ഇന്ന് ഉണ്ടാവില്ലെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല; പ്രിയദർശൻ

നീ ഇന്ന് ഉണ്ടാവില്ലെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല; പ്രിയദർശൻ
Published on

മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് മേക്കറായ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ മലയാള സിനിമ ലോകം അനുശോചനകൾ അർപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്...ഇപ്രകാരമായിരുന്നു സംവിധായകൻ പ്രിയദർശൻ ഡെന്നിസ് ജോസഫിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥ രചിച്ചത്.

തങ്ങളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തിന്റെ വിയോഗത്തിൽ മോഹൻലാലും മമ്മൂട്ടിയും അനുശോചനം രേഖപ്പെടുത്തി

മമ്മൂട്ടിയുടെ പ്രതികരണം: ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു

മോഹൻലാലിന്റെ പ്രതികരണം; എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ...

സംവിധായകരായ ജീത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, രഞ്ജിത് ശങ്കര്‍ നടന്മാരായ പൃഥ്വിരാജ്, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, നടി മഞ്ജു വാര്യര്‍ തുടങ്ങിയവരും ഡെന്നീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in