ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമന കേസില്‍ യു.ജി.സി ഹൈക്കോടതിയില്‍. നിലപാട് രേഖാമൂലം സമര്‍പ്പിക്കാന്‍ യു.ജി.സിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് അടുത്തമാസം 16ലേക്ക് മാറ്റി. പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി അതുവരെ നീട്ടിയിട്ടുണ്ട്.
ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി സ്റ്റാന്റിംഗ് കൗണ്‍സിലാണ് കോടതിയെ അറിയിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയോടും പ്രിയ വര്‍ഗീസിനോടും ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രിയ വര്‍ഗീസിന്റെ നിയമനം ആഗസ്ത് 31 വരെ തടഞ്ഞുകൊണ്ടാണ് നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവ് ഇറക്കിയത്.
ചങ്ങനാശ്ശേരി എസ്.ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രിയ വര്‍ഗീസിനെ ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയത്.