ന്യൂദല്‍ഹി: റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നു മാത്രം അഭിസംബോധന ചെയ്ത പ്രശാന്ത് ഭൂഷണിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.
രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും കെ.കെ ശൈലജയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ മരുമകനെ ഉള്‍പ്പെടുത്തിയെന്ന് പറഞ്ഞ് പ്രശാന്ത് ഭൂഷണ്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ഇതിനു താഴെയാണ് പലരും റിയാസിന്റെ രാഷ്ട്രീയ പരിചയം അവമതിക്കരുതെന്ന് പ്രശാന്ത് ഭൂഷണിനോട് പറഞ്ഞത്.
മുഹമ്മദ് റിയാസിന്റെ യോഗ്യത കൂടി പരിശോധിക്കണം. 25 വര്‍ഷത്തിലധികമായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ് അദ്ദേഹം. ഈയടുത്ത കാലത്താണ് അദ്ദേഹം മുഖ്യമന്ത്രിയുടെ മരുമകനായത് എന്നാണ് പ്രശാന്ത് ഭൂഷണിനോട് ഒരാള്‍ പറഞ്ഞത്.
മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന് മാത്രം വിളിക്കുന്നത് അനീതിയാണ്. അദ്ദേഹത്തിന് മന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുണ്ട്.
വീണാ ജോര്‍ജിനെപ്പോലുള്ള യുവ മന്ത്രിമാരും മന്ത്രിസഭയിലുണ്ട്. താങ്കള്‍ ഇത് തിരുത്തുമെന്ന് കരുതന്നുവെന്നും പലരും പ്രശാന്ത് ഭൂഷണിനോട് പറഞ്ഞു. താങ്കള്‍ മുന്‍ നിയമവകുപ്പ് മന്ത്രി ശാന്തി ഭൂഷണിന്റെ മകന്‍ മാത്രമായി സ്വയം വിലയിരുത്തുമോ എന്നും അദ്ദേഹത്തിന് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നു.
കേരള സര്‍ക്കാരെടുത്ത രാഷ്ട്രീയ തീരുമാനം ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കൊന്നും മനസിലാകില്ല. ഈ ധൈര്യം ആര്‍ക്കാണ് ഉണ്ടാകുക. ആരു നയിക്കുന്നു എന്നല്ല, കേരളം അതിന്റെ ആരോഗ്യ മേഖലയില്‍ കൂടിയാണ് വിശ്വാസമര്‍പ്പിക്കുന്നതെന്നും പലരും ഭൂഷണിന് മറുപടി നല്‍കി.