കര്‍ഷക സമരത്തെ പിന്തുണച്ച പോപ് സ്റ്റാര്‍ റിഹാനയ്‌ക്കെതിരെ രംഗത്തുവന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കര്‍ഷക സമരത്തെ കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടാതിരുന്ന സെലിബ്രിറ്റികള്‍, റിഹാനയും ഗ്രെറ്റയും സംസാരിച്ചപ്പോള്‍ മൗനം വെടിഞ്ഞുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 'നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍' എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ സച്ചിന്‍ അടക്കമുള്ളവരെ ട്വീറ്റില്‍ വിശേഷിപ്പിച്ചത്.
പ്രതിഷേധിക്കുന്ന കര്‍ഷകരെ തടഞ്ഞു നിര്‍ത്തിയപ്പോള്‍, വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റും ഇല്ലാതാക്കിയപ്പോള്‍, ബി.ജെ.പി ഗുണ്ടകള്‍ അവര്‍ക്ക് നേരെ കല്ലുകളെറിഞ്ഞപ്പോള്‍, എല്ലാം ഇന്ത്യയുടെ ഈ വലിയ സെലിബ്രിറ്റികളെല്ലാം മൗനമായിരുന്നു. ഇപ്പോള്‍ റിഹാനയും ഗ്രെറ്റയും അടക്കം സംസാരിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് അവരുടെ മൗനം വെടിഞ്ഞിരിക്കുന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍', പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.
നടി തപ്‌സി പന്നുവും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവരെ പഠിപ്പിക്കുന്ന പ്രൊപ്പഗാണ്ട ടീച്ചര്‍മാരാകരുതെന്നായിരുന്നു ട്വിറ്ററില്‍ തപ്സി പന്നു കുറിച്ചത്. 'ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പരിഭ്രമപ്പെടുത്തുന്നുണ്ടെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ വിഷമപ്പിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട അധ്യാപകരാകരുത്', തപ്സി കുറിച്ചു.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു പോപ് താരം റിഹാനയുടെ ട്വീറ്റ്. ഇതേകുറിച്ച് നമ്മള്‍ സംസാരിക്കാത്തതെന്താണെന്നും താരം കുറിച്ചിരുന്നു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗും കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരുടെ പ്രതികരണമുണ്ടായത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകണമെന്നും സച്ചിന്‍ കുറിച്ചു. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല, ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, അവര്‍ തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഐക്യത്തോടെ തുടരാമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും, അജയ് ദേവ്ഗണും അടക്കം 'ഇന്ത്യ ഒറ്റക്കെട്ട്' പ്രചരണത്തിന്റെ ഭാഗമായിരുന്നു.
Prashant Bhushan Against Sachin Tendulkar