വ്യത്യസ്തമായ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സിനിമാ സംഘടനകളെ ആകെ നിയന്ത്രിക്കുന്ന 15 പേരടങ്ങുന്ന പവർഗ്രൂപ്പ് എന്നത് പ്രായോഗിക തരത്തിൽ സാധ്യമാകുന്ന ഒന്നല്ല എന്ന് ഫെഫ്ക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന് ആറു ദിവസങ്ങൾക്ക് ശേഷം ഫെഫ്കയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അയച്ച കത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. ഹേമ കമ്മിറ്റി ആവശ്യപ്പെട്ട അംഗങ്ങളുടെ അംഗങ്ങളുടെ ഫോൺ നമ്പറുകൾ ഫെഫ്ക എടുത്തു നൽകിയിരുന്നു എന്നും, എന്നാൽ അവരിൽ ഒരാളെ ഒഴിച്ച് മറ്റാരെയും കമ്മിറ്റി വിളിപ്പിച്ചില്ല എന്നും കത്തിൽ പറയുന്നു. കത്തിൽ പരാമർശിക്കുന്ന മറ്റൊരു കാര്യം WCC അംഗങ്ങൾക്ക് തുടർച്ചയായി അവസരം നിഷേധിക്കപ്പെടുന്നതിനെ സംബന്ധിച്ചാണ്. ആ കൂട്ടായ്മയിൽ അംഗമായത് കൊണ്ട് മാത്രം അവരെ മാറ്റി നിർത്തുന്ന ഒരു നിലയുണ്ടോ എന്നത് യൂണിയനുകൾ അന്വേഷിക്കണം എന്നും ഫെഫ്ക നിർദേശിക്കുന്നു.
ഫെഫ്കയുടെ പ്രധാനപ്പെട്ട പരാമർശങ്ങൾ;
പത്ര പരസ്യത്തിന് പ്രതികരണം ഉണ്ടാകാതിരുന്നപ്പോൾ "തങ്ങൾക്ക്" കേൾക്കേണ്ടവരെ ഫോൺ നമ്പറുകൾ തേടിയെടുത്ത് വിളിച്ചു വരുത്തിയെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. ഫെഫ്കയിൽ നിന്ന് ഹേമ കമ്മിറ്റി ആവശ്യപ്പെട്ട ഫോൺ നമ്പറുകൾ കൃത്യമായി അയച്ചു കൊടുത്തെങ്കിലും, അവരിൽ ഒരാളെ ഒഴിച്ച് ആരെയും വിളിച്ചിട്ടില്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ സാമാന്യവത്കരണ സ്വഭാവത്തിന്റെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയ്ക്കായി അംഗങ്ങളെ 'തെരെഞ്ഞെടുത്തിന്റെ' അടിസ്ഥാനത്തെ കുറിച്ച് പഠിക്കേണ്ടതുണ്ട്.
WCC അംഗങ്ങൾക്ക് തുടർച്ചയായി അവസരം നിഷേധിക്കപ്പെടുന്നു എന്ന കണ്ടെത്തൽ. ആ കൂട്ടായ്മയിൽ അംഗമായത് കൊണ്ട് മാത്രം അവരെ മാറ്റി നിർത്തുന്ന ഒരു നിലയുണ്ടോ? ഇത് ഡയറക്ടർസ് യൂണിയൻ, റൈറ്റേഴ്‍സ് യൂണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ എന്നിവർ ആഴത്തിൽ പരിശോധിക്കേണ്ട ഒരു വിമർശനമാണ്. 'അമ്മ' സംഘടനയിൽ നിന്ന് പ്രതിഷേധത്തോടെ രാജി വച്ചു പോയവരണല്ലോ WCC അംഗങ്ങൾ. ഫെഫ്കയിൽ അംഗങ്ങളായി തുടരുകയും, പ്രതിമാസ പെൻഷൻ സ്വീകരിക്കുകയും, ആരോഗ്യസുരക്ഷാപദ്ധതിയിൽ ചേരുകയും ചെയ്തിട്ട്, ഫെഫ്കയെ എതിർക്കപ്പെടേണ്ട, അധീശസ്വഭാവമുള്ള ഒരു സംഘടനയായി കണക്കാക്കുന്ന ഇരട്ടത്താപ്പ് ആദരണീയരായ ആ അംഗങ്ങളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ.
മലയാള സിനിമയുടെ ഗതി നിർണ്ണയിക്കുന്ന 15 അംഗ പവർഗ്രൂപ്പിനെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരമൊരു പവർഗ്രൂപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. വ്യത്യസ്തമായ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നതാണ് സിനിമാരംഗത്തെ സംഘടനകൾ. ആ സംഘടനകളെ ആകെ നിയന്ത്രിക്കുന്ന 15 പേരടങ്ങുന്ന പവർഗ്രൂപ്പ് എന്നത് പ്രായോഗിക തരത്തിൽ സാധ്യമാകുന്ന ഒന്നല്ല. എങ്കിലും ഈ പവർ ഗ്രൂപ്പ് എന്ന റിപ്പോർട്ടിലെ നിഗമനത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണം.
നേട്ടങ്ങളിലും, സ്വയം ശരികളിലും അഭിരമിക്കാതെ, വിമർശനങ്ങൾ. അതെത്ര മൂർച്ചയേറിയതും വേദനിപ്പിക്കുന്നതും ആവട്ടെ, ഉൾക്കൊണ്ടുകൊണ്ട്, തിരുത്തലുകൾ വരുത്തി നമുക്ക് മുന്നോട്ട് പോവാം. എല്ലാ യൂണിയനുകളും റിപ്പോർട്ട് പഠിച്ച്, യൂണിയൻ അംഗങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് റിപ്പോർട്ട് സമർപ്പിക്കണം, അത് മുഖ്യമന്ത്രിയ്ക്ക് നൽകാൻ ഉള്ളതാണ് എന്നും കത്ത് പറയുന്നു.