രാമക്ഷേത്രത്തിലെ ചോര്‍ച്ച മാത്രമല്ല വിഷയം, ക്ഷേത്രത്തിലേക്കുള്ള റോഡും തകര്‍ന്നു; ബിജെപി അമ്പലത്തിലും കൊള്ളനടത്തുന്നുവെന്ന് കോണ്‍ഗ്രസ്

രാമക്ഷേത്രത്തിലെ ചോര്‍ച്ച മാത്രമല്ല വിഷയം, ക്ഷേത്രത്തിലേക്കുള്ള റോഡും തകര്‍ന്നു; ബിജെപി അമ്പലത്തിലും കൊള്ളനടത്തുന്നുവെന്ന് കോണ്‍ഗ്രസ്
Published on

ബിജെപി അയോധ്യയില്‍ നടപ്പാക്കിയ സ്വപ്‌ന പദ്ധതിയായ രാംലല്ല ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിനുള്ളില്‍ ചോര്‍ച്ചയുണ്ടായ സംഭവം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് വാര്‍ത്തയായത്. ക്ഷേത്രം സ്ഥാപിച്ചതിനു ശേഷം പെയ്ത ആദ്യ മഴയില്‍തന്നെ ചോര്‍ച്ചയുണ്ടായതില്‍ പ്രധാന പുരോഹിതന്‍ അതൃപ്തി അറിയിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതു മാത്രമല്ല മഴയില്‍ അയോധ്യയിലുണ്ടായ പ്രശ്‌നങ്ങളെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാമക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മിച്ച, രാം പഥ് എന്ന പേരില്‍ അറിയപ്പെടുന്ന റോഡും മഴയില്‍ തകര്‍ന്നതായാണ് വിവരം.

14 കിലോമീറ്റര്‍ വരുന്ന റോഡില്‍ ആദ്യ മഴയില്‍ തന്നെ കുണ്ടും കുഴികളും പ്രത്യക്ഷപ്പെട്ടു. നിരവധിയിടങ്ങളില്‍ വെള്ളക്കെട്ടുകളുമുണ്ടായി. ഇതേത്തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍അടിയന്തരമായി കുഴിയടയ്ക്കല്‍ നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ചോര്‍ച്ചയും റോഡിന്റെ തകര്‍ച്ചയുമൊക്കെ നാണക്കേടുണ്ടാക്കിയതിനെത്തുടര്‍ന്ന് യുപി മുഖ്യമന്ത്രി ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠി വ്യക്തമാക്കുന്നത്. നിര്‍മാണത്തിലെ വീഴ്ചകളാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്ര നിര്‍മാണത്തില്‍ വലിയ അഴിമതിയുണ്ടായിട്ടുണ്ടെന്നും ആരാധനാലയങ്ങളില്‍ പോലും കയ്യിട്ടു വാരുകയാണ് ബിജെപിയെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.

ഇതിനിടെ ക്ഷേത്രത്തിലെ ചോര്‍ച്ചയില്‍ ന്യായീകരണവുമായി ക്ഷേത്ര ട്രസ്റ്റും രാമക്ഷേത്ര നിര്‍മാണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്. ഒരു തുള്ളി പോലും വെള്ളം ശ്രീകോവിലിലോ ഗര്‍ഭഗൃഹത്തിലോ വീണിട്ടില്ലെന്നാണ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞത്. ഒന്നാം നിലയില്‍ നിന്ന് വയറിംഗിന് സ്ഥാപിച്ച പൈപ്പിലൂടെ വെള്ളം വന്നതാണെന്നും മുകള്‍ നിലയിലെ നിര്‍മാണം നടക്കുകയാണെന്നും റായ് പറഞ്ഞു. ഒന്നാം നിലയില്‍ നിന്ന് വെള്ളം ഒഴുകുമെന്നത് പ്രതീക്ഷിച്ചതാണെന്ന് നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര നേരത്തേ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in