തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗിക്ക് തപാല്‍ വോട്ട്; വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കാനും തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗിക്ക് തപാല്‍ വോട്ട്; വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കാനും തീരുമാനം
Published on

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍. ഇതിനായുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കൊവിഡ് രോഗികളെ കൂടാതെ, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും, ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലാകും ഭേദഗതി വരുത്തുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള വോട്ടെടുപ്പില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനമായി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും സമയം. ഈ ഭേദഗതികളടക്കം ഓര്‍ഡിനന്‍സിന്റെ ഭാഗമായി വരും.

വോട്ടെടുപ്പിന് തലേ ദിവസം രോഗം സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യുമെന്ന കാര്യവും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രചരണ രീതികളില്‍ ഉള്‍പ്പടെ മാറ്റമുണ്ടാകും. കാലാവധി കഴിഞ്ഞ 23 ഓര്‍ഡിനന്‍സുകള്‍ പുനര്‍ വിളംബരം ചെയ്യാനുള്ള തീരുമാനവും യോഗത്തിലുണ്ടായി. കൂടാതെ കൊവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മാറ്റിവെച്ചിരുന്നു. ഇരുപത് ശതമാനം ശമ്പളം വീതം അഞ്ച്മാസമായി പിടിച്ചുവെച്ചിരുന്നു. ഇത് പിഎഫില്‍ ലയിപ്പിക്കാനും തീരുമാനമായി. ഈ ശമ്പളം ഒന്‍പത് ശതമാനം പലിശയോടെയാകും പി എഫില്‍ ലയിപ്പിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in