ഡോ.ജോ ജോസഫിനെതിരെ അശ്ലീല വീഡിയോയിലൂടെ വ്യാജ പ്രചാരണമെന്ന് സിപിഎം; യുഡിഎഫിന് പരാജയ ഭീതിയെന്ന് വിമര്‍ശനം

ഡോ.ജോ ജോസഫിനെതിരെ അശ്ലീല വീഡിയോയിലൂടെ വ്യാജ പ്രചാരണമെന്ന് സിപിഎം; യുഡിഎഫിന് പരാജയ ഭീതിയെന്ന് വിമര്‍ശനം
Published on

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ യു.ഡി.എഫ് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നെന്ന് സി.പി.ഐ.എം. കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലുകളിലൂടെയാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും ഒരു പാര്‍ട്ടിയും കാണിക്കാത്ത മോശം നടപടിയാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പി. രാജീവ് പറഞ്ഞു.

സംസ്ഥാനത്ത് സൈബര്‍ ക്രിമിനലുകളെ കോണ്‍ഗ്രസ് തീറ്റി പോറ്റുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ ഉച്ചഭാഷിണികളായി ഉപയോഗിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി. സ്റ്റീഫന്‍ ജോണ്‍, ഗീതാ പി. ജോണ്‍, ഞാന്‍ ആനങ്ങാടന്‍ എന്നീ പ്രൊഫൈലുകളില്‍ നിന്നാണ് അപകീര്‍ത്തിപ്പെടുത്തലുകള്‍ നടന്നതെന്നും സ്വരാജ് പറഞ്ഞു.

പരാജയ ഭീതിയാണ് യു.ഡി.എഫിനെക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

സി.പി.ഐ.എം നേതാക്കളുടെ പ്രതികരണം

'രാഷ്ട്രീയവും വികസനവും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ശ്രമിച്ചുവരുന്നത്. ഒരുഘട്ടത്തിലും മറ്റേതെങ്കിലും തരത്തിലുള്ള പ്രചരണ രീതികളോ പ്രവര്‍ത്തനങ്ങളോ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്യാറില്ല.

തൃക്കാക്കര തെരഞ്ഞെടുപ്പ് തുടക്കം മുതല്‍ വളരെ തെറ്റായ രീതിയിലാണ് യു.ഡി.എഫ് കൈകാര്യം ചെയ്യുന്നത്. അപരനെ നിര്‍ത്തി, അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. പണം നല്‍കി വോട്ട് വാങ്ങാം എന്ന പ്രചാരവേല നടത്തി.

എന്നാല്‍ ഇപ്പോള്‍ അവര്‍ ചെയ്തിട്ടുള്ളത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഒരു അശ്ലീല വീഡിയോ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങളുള്ള പേജുകളില്‍ ആദ്യം പോസ്റ്റ് ചെയ്യുന്നു. ഇത് ആരാണ് എന്ന ചോദ്യത്തോടെ പോസ്റ്റ്‌ചെയ്യുന്നു. തൃക്കാക്കരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി നായകാനാകുന്ന വീഡിയോ എന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത് അതീവ ഗൗരവമായ സംഗതിയാണ്.

ഏതോ ഒരു വീഡിയോ എടുത്ത് അത് സ്ഥാനാര്‍ത്ഥിയുടേതാണെന്ന് കാണിക്കുന്നു. ഒരു തെരഞ്ഞെടുപ്പിലും ആരും കാണിക്കാത്ത രീതിയാണ് യുഡിഎഫ് നടത്തുന്നത്. തിങ്കളാഴ്ച തന്നെ എം. സ്വരാജ് ഡി.ജി.പിക്കും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ ഇട്ട് കേസന്വേഷക്കുന്നുണ്ട്. അബദ്ധം പറ്റിയതാണോ എന്നതുകൊണ്ടാണ് ഇന്നലെ വരെ കാത്തുനിന്നത്. എന്നാല്‍ ഇന്നലെ വലിയ രീതിയിലുള്ള പ്രചരണമാണ് നടത്തിയിരിക്കുന്നത്,' പി. രാജീവ് പറഞ്ഞു.

കോണ്‍ഗ്രസ് സൈബര്‍ ക്രിമിനലുകളെ തീറ്റിപോറ്റുകയാണ്. സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ്, ഞാന്‍ ആനങ്ങാടന്‍ എന്നീ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നാണ് വീഡിയോ വരുന്നതെന്ന് സ്വരാജും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in