ഭരണഘടനയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരെ കേസ്. സജി ചെറിയാന്‍ പ്രസംഗിച്ച മല്ലപ്പള്ളിയിലെ കീഴ്‌വായ്പൂര്‍ പൊലീസ് ആണ് കേസെടുത്തത്. ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ചെന്ന് കാണിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഹൈക്കോടതി അഭിഭാഷകന്‍ എം. ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് സജി ചെറിയാനെതിരെ കേസെടുത്തിരിക്കുന്നത്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് ബുധനാഴ്ച വൈകീട്ട് ആറോടെ കേസെടുക്കാന്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയത്.
കീഴ് വായ്പൂര്‍ സ്റ്റേഷനിലും ജില്ല പൊലീസ് മേധാവിയ്ക്കും ചൊവ്വാഴ്ച പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. സിആര്‍പിസി 156/3 പ്രകാരമാണ് കോടതി ഇടപെടല്‍. ബുധനാഴ്ച ആദ്യം ഹര്‍ജി പരിഗണിച്ച കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. സജി ചെറിയാന്‍ രാജി വെച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.
കേസിന്റെ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറി. കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ സംസാരിച്ചത്.
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. ഗുണമെന്ന് പറയാന്‍ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം എന്നെല്ലാം എഴുതി വെച്ചിട്ടുണ്ട് എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഭരണഘടനയാണിതെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്ന സ്ഥിതിയില്ലെന്നും കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാകുക എന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.
തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ എന്നും സജി ചെറിയാന്‍ ചോദിച്ചു.
നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.