അപകീർത്തി കേസ്: ഷാജൻ സ്കറിയക്കായി തിരച്ചിൽ, മറുനാടൻ മലയാളി ഓഫീസിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു

അപകീർത്തി കേസ്: ഷാജൻ സ്കറിയക്കായി തിരച്ചിൽ, മറുനാടൻ മലയാളി ഓഫീസിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു
Published on

പിവി ശ്രീനിജൻ എം എൽ എക്കെതിരെ വ്യാജ വാർത്ത നല‍്കിയെന്ന കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട മറുനാടൻ മലയാളി മാനേജിം​ഗ് ഡയറക്ടറും എഡിറ്ററുമായ ഷാജൻ സ്കറിയക്കായി പൊലീസ് തിരച്ചിൽ. മറുനാടൻ മലയാളിയുടെ കൊച്ചി ഇടപ്പള്ളിയിലെയും തിരുവനന്തപുരത്തെയും ഓഫീസിൽ പൊലീസ് പരിശോധന നടത്തി. ഓഫീസിലെ കമ്പ്യൂട്ടറുകളും കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്തു.

ഷാജൻ സ്‌‌കറിയയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ തിരുവനന്തപുരം പട്ടം ഓഫീസിലെ 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ മൂന്നിന് രാത്രി 12 മണിയോടെ ആണ് നടപടി. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ മാധ്യമങ്ങളെ അറിയിച്ചു.

എളമക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റൽ ചെയ്ത അപകീർത്തി കേസിലെ തെളിവുകൾ തേടിയാണ് മറുനാടൻ മലയാളി ഓഫീസിലും ജീവനക്കാരുടെ വീട്ടിലും പൊലീസ് എത്തിയതെന്ന് കൊച്ചി എ.സി.പി. കൊച്ചി സിറ്റി പൊലീസ്‌ ഷാജനെതിരെ ലുക്ക് ഔട്ട്‌ സർക്കുലർ പുറത്തിറക്കിയിരുന്നു. ഷാജൻ സ്‌‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചായിരുന്നു സർക്കുലർ ഇറക്കിയത്. വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പി.വി.ശ്രീനിജന്റെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്.

മറുനാടൻ മലയാളിയിലൂടെ ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനം അല്ലെന്ന് കോടതി പരാമർശം നടത്തിയിരുന്നു. ഷാജൻ സ്കറിയ പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട് എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ വാദത്തെ എതിർത്താണ് പ്രോസിക്യൂഷൻ നിലപാട് എടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in