വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും പിതാവും ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും പിതാവും ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Published on

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയും പിതാവും ഒളിവിലെന്ന് പൊലീസ്. കുട്ടിയെ കേന്ദ്രീകരിച്ച് അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കുട്ടിയുടെ തറവാട്ട് വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം സംഘം എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.കുട്ടിയെയും പിതാവ് അസ്‌കര്‍ മുസാഫിറിനെയും കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ 24 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിക്കൊപ്പം കൂടി നിന്ന് മുദ്രാവാക്യം ഏറ്റുചൊല്ലിയവരാണ് കസ്റ്റഡിയില്‍ ആയത്.

വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 24 പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകൡലേക്ക് മാറ്റി.

ഉച്ചയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും എന്ന് പൊലീസ് അറിയിച്ചു. നേരത്തെ അറസ്റ്റിലായ ഒന്നും മൂന്നും പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഈ സംഭവത്തിലല്ലേ എന്ന് ചോദിച്ച കോടതി സംഭവത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. റാലിക്കെതിരെ നല്‍കിയ ഹര്‍ജി ഒത്തുതീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. രാജ്യത്ത് എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in