എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ വ്യാജ രേഖ ചമച്ച കേസില്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ പൊലീസ് റിപ്പോര്‍ട്ട്. തൃക്കാക്കരയിലെ ഭൂമി ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്ന റിപ്പോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. മാര് ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് റിപ്പോര്‍ട്ട്.
എറണാകുളം അങ്കമാലി അതിരൂപത മാര്‍ ജോസഫ് പാറക്കാട്ടില് മെത്രാപ്പോലീത്തയുടെ പേരില്‍ വ്യാജ പട്ടയം നിര്‍മ്മിച്ചുവെന്നാണ് പരാതി. 1976ല്‍ എറണാകുളം ലാന്‍ഡ് ട്രിബ്യൂണല്‍ നല്‍കിയെന്ന പേരിലാണ് വ്യാജ രേഖ ചമച്ചത്. 1992 ഡിസംബര്‍ 16നാണ് എറണാകുളം അങ്കമാലി അതിരൂപത എന്ന പേര് നിലവില്‍ വന്നത്. ലാന്‍ഡ് ട്രിബ്യൂണല്‍ നല്‍കിയത് കുമ്പളം വില്ലേജ്, ചേപ്പനം കര, ചെമ്മാഴത്തു കുഞ്ഞിത്താത്ത എന്ന ആളുടെ പേരിലാണെന്നാണ് പരാതി. അഡ്വക്കേറ്റ് പോളച്ചന്‍ പുതുപ്പാറയാണ് ഹര്‍ജിക്കാരന്‍.
ഭൂമി വില്‍ക്കുന്നതിനുള്ള രേഖകൡാത്തതിനാല്‍ മൂന്നാം പ്രതിയായ മാര്‍ ആലഞ്ചേരിയുടെ നിര്‍ദേശ പ്രകാരം ഒന്നും രണ്ടും പ്രതികളായ ഫാദര്‍ ജോഷി പുതുവ, സാജു വര്‍ഗീസ് എന്നിവര്‍ വ്യാജരേഖ നിര്‍മ്മിച്ചുവെന്നാണ് കണ്ടെത്തല്‍. തൃക്കാക്കരയിലെ 73 സെന്റ് ഭൂമി ഏഴ് പ്ലോട്ടുകളായി മുറിച്ച് വില്‍പ്പന നടത്തി.
വ്യാജക്രയ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ ഹാജരാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് മറ്റ് രേഖകള്‍ സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 23 ലക്ഷം വരെ വിലയുണ്ടായിരുന്ന ഭൂമിക്ക്് 3.4 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് കിട്ടിയത്. വില കുറച്ച് കാണിച്ചത് കാരണമാണ് 16 കോടി രൂപ ലഭിക്കാതിരുന്നത്. 12 കോടിയുടെ നഷ്ടമാണ് അതിരൂപതയ്ക്കുണ്ടായതെന്ന് പരാതിയുണ്ട്.