കോണ്‍ഗ്രസുകാര്‍ക്ക് തീവ്രവാദ ബന്ധം ആരോപിച്ച സംഭവം, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസുകാര്‍ക്ക് തീവ്രവാദ ബന്ധം ആരോപിച്ച സംഭവം, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Published on

മൊഫിയ കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് തീവ്രവാദ പരാമര്‍ശം നടത്തിയത്.

ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആര്‍. വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ഡി.ഐ.ജിയുടെതാണ് നടപടി. സംഭവത്തില്‍ മുനമ്പം ഡി.വൈ.എസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.ഐ.ജി ആവശ്യപ്പെട്ടിട്ടുണ്ട്.

മൊഫിയ പര്‍വീണിന്റെ ആത്മഹത്യ കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നു എന്നായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അല്‍ അമീന്‍, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ പരാമര്‍ശം.

കെ.എസ്.യു ആലുവ മണ്ഡലം പ്രസിഡന്റ് ആണ് അല്‍ അമീന്‍. കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റാണ് നജീബ്. ബൂത്ത് വൈസ് പ്രസിഡന്റാണ് അനസ്.

സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ സമരം ചെയ്തത്. സമര സമയത്ത് ജലപീരങ്കിയുടെ മകുളില്‍ കയറി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഏതെങ്കിലും തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ഇത് ചെയ്തത് എന്ന് കണ്ടെത്തണം എന്നാണ് പൊലീസ് ഭാഷ്യം. ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in