ജെഎന്‍യു: ‘നാലു മിനിറ്റില്‍ രണ്ട് എഫ്‌ഐആര്‍’, ഐഷെ ഘോഷിനെതിരായ പോലീസ് നടപടി വിവാദത്തില്‍
ജെഎന്‍യു അക്രമത്തില്‍ സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി നേതാവ് ഐഷെ ഘോഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. രണ്ട് എഫ്‌ഐആറുകളാണ് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായ ഐഷെ ഘോഷിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ മറ്റ് 19 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയുടെ സെര്‍വര്‍ റൂം തല്ലിത്തകര്‍ത്തെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ആരോപിച്ചുള്ള കേസുകളിലാണ് ഐഷെ ഘോഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖംമൂടിയെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ചവരെ കണ്ടെത്താനാകാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് പോലീസിന്റെ നടപടിയുണ്ടായിരിക്കുന്നത്.
ജെഎന്‍യു കാമ്പസിനുള്ളില്‍ നടന്ന അക്രമം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാക്കി മാറ്റാനുള്ള പോലീസിന്റെ ശ്രമമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്ക് പിന്നിലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
കാമ്പസിനകത്ത് അക്രമം നടന്നതിന് തലേന്ന് യൂണിവേഴ്‌സിറ്റിയുടെ സെര്‍വര്‍ റൂം തകര്‍ത്തെന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്തിരിക്കുന്ന ഒരു കേസ്. എന്നാല്‍ സംഭവം നടന്ന ഞായറാഴ്ച രാത്രി 8.43നാണ് ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യൂണിവേഴ്‌സിറ്റി അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മുഖംമറച്ച സുരക്ഷാ ജീവനക്കാരാണ് സെര്‍വര്‍ റൂം തല്ലിത്തകര്‍ത്തതെന്നും വിദ്യാര്‍ത്ഥികളെ അക്രമിച്ചതെന്നുമാണ് വിദ്യാര്‍ത്ഥി സംഘടനയായ ജെഎന്‍എസ്യു ആരോപിക്കുന്നത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അതെസമയം ദേശീയ ശ്രദ്ധ നേടിയ സംഭവത്തില്‍ ഇതുവരെ ഒരാളെ പോലും തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ലാ എന്നത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസെന്നാണ് റിപ്പോര്‍ട്ടുകള്‍.