ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന ആരോപണവുമായി പൊലീസ്. മയക്കുമരുന്ന് കടത്തില്‍ വ്‌ളോഗര്‍ സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് പൊലീസ് മയക്കുമരുന്ന് ബന്ധം ആരോപിക്കുന്നത്. ഇ വ്‌ളോഗര്‍ സഹോദരന്മാര്‍ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തി പിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജാമ്യം റദ്ദാക്കി ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.
പ്രതികള്‍ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.
വാന്‍ലൈഫ് യാത്രകള്‍ നടക്കുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ട്രാവലര്‍ അടുത്തിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.
പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ജാമ്യം അനുവദിക്കണമെന്നും പിഴയടക്കാമെന്നും ഇവര്‍ കോടതിയെ അറയിച്ചിരുന്നു. തുടര്‍ന്ന് 3500 രൂപ പിഴയിട്ടുകൊണ്ടാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.