ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ മോദിയുടെ പങ്ക്: സത്യാഗ്രഹമിരുന്നതിനും ജയിലിൽ പോയതിനും തെളിവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ മോദിയുടെ പങ്ക്:
സത്യാഗ്രഹമിരുന്നതിനും ജയിലിൽ പോയതിനും തെളിവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
Published on

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സുഹൃത്തുക്കൾക്കൊപ്പം സത്യാഗ്രഹം കിടന്നിട്ടുണ്ടെന്നും ജയിലിൽ പോയിട്ടുണ്ടെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് തെളിവുകളില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. സാമൂഹിക പ്രവർത്തകൻ ജയേഷ് ഗുർനാനിയാണ് വിവരാവകാശ നിയമപ്രകാരം തെളിവുകൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ധാക്കയിൽ വച്ച് നടത്തിയ ബംഗ്ലാദേശിന്റെ അൻപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് മോദി ഈ പ്രസ്താവന നടത്തിയത്.

തനിക്ക് 20 - 22 വയസ്സ് പ്രായമുള്ളപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സത്യാഗ്രഹമിരുന്നു എന്നും, അതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ കിടക്കേണ്ടി വന്നു എന്നും മോദി ചടങ്ങിൽ പറഞ്ഞിരുന്നു. മോദിയുടെ അവകാശവാദം സംശയം ജനിപ്പിക്കുന്നതാണെന്ന് അന്നുതന്നെ പ്രതിപക്ഷം പറഞ്ഞിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദം, ചായവിൽപ്പന എന്നീ വ്യാജ അവകാശവാദങ്ങൾപോലെയാണ് ഇതും എന്ന് പ്രതിപക്ഷം ആരോപിച്ചു.

2021 മാർച്ച് 27 ആം തീയ്യതിയാണ് സാമൂഹിക പ്രവർത്തകനായ ജയേഷ് ഗുർനാനി പ്രധാനമന്ത്രിയുടെ ഓഫീസിൽ ആർ.ടി.ഐ ഫയൽ ചെയ്യുന്നത്. സത്യാഗ്രഹത്തിന്റെ പേരിൽ റെജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങളും, അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് വിവരാവകാശ നിയമപ്രകാരം ജയേഷ് ആവശ്യപ്പെട്ടിരുന്നത്. അറസ്റ്റ് വാറന്റും, ജയിൽ മോചിതനായതിന്റെ രേഖകളും, മോദിയെ പാർപ്പിച്ച ജയിലിന്റെ വിവരങ്ങളും പ്രത്യേക മായി ചോദിച്ചിരുന്നു.

എന്നാൽ മോദി 2014 അധികാരമേറ്റതിനു ശേഷമുള്ള രേഖകൾ മാത്രമേ സൂഷിച്ചിട്ടുള്ളൂ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടി. ആ മറുപടിയിൽ അതൃപ്‌തനായ ജയേഷ് കൂടുതൽ വിവരങ്ങൾക്കായി അപ്പലെറ്റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. എന്നാൽ ആർ.ടി.ഐ അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയിട്ടുണ്ട് എന്ന് പറഞ്ഞ് അതോറിറ്റി പരാതി തള്ളി. ശേഷം ജയേഷ് വിവരാവകാശ കമ്മീഷനെ സമീപിച്ചു.

സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലിയും ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ്‌ മുജീബുറഹ്മാന്റെ ജന്മ ശതാബ്ദിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശ് ഗവണ്മെന്റ് കഴിഞ്ഞവർഷം സംഘടിപ്പിച്ച പരിപാടിയിലാണ് മോദി ഈ പരാമർശം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in