പ്ലാപ്പള്ളിയില്‍ മൂന്നുമണിക്കൂറിനിടെ 20ഓളം ഉരുള്‍പ്പൊട്ടലുകള്‍, ഒറ്റപ്പെട്ട് കോട്ടയത്തെ കൂട്ടിക്കല്‍ പഞ്ചായത്ത്

പ്ലാപ്പള്ളിയില്‍ മൂന്നുമണിക്കൂറിനിടെ 20ഓളം ഉരുള്‍പ്പൊട്ടലുകള്‍, ഒറ്റപ്പെട്ട് കോട്ടയത്തെ കൂട്ടിക്കല്‍ പഞ്ചായത്ത്
Published on

കോട്ടയം ജില്ലയിലെ മലയോര പ്രദേശമായ പ്ലാപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ ഉണ്ടായത് ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പ്പൊട്ടലുകളെന്ന് റിപ്പോര്‍ട്ട്. ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്ക്കല്‍ ജംഗ്ഷനിലാണ് പ്രധാനപ്പെട്ട വലിയ ഉരുള്‍പ്പൊട്ടലുണ്ടായത്.

ഏകദേശം 130ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് കൂട്ടിക്കലിലെ പ്ലാപ്പള്ളി. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, ഇളംകാട്-വാഗമണ്‍ റോഡ്, പ്ലാപ്പള്ളി, മുക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്.

ഉരുള്‍പ്പൊട്ടലില്‍ ആറോളം പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഉരുള്‍പ്പൊട്ടലില്‍പ്പെട്ട താഴ്ന്ന പ്രദേശമായ താളുങ്കലിലാണ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നത്.

ജനവാസ കേന്ദ്രമായ പ്ലാപ്പള്ളിയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.

രക്ഷാപ്രവര്‍ത്തനത്തിലും അധികൃതര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിവരം. ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്.

കൂട്ടിക്കലിലും മറ്റു പ്രദേശത്തും ഉരുള്‍പ്പൊട്ടലിനും ശക്തമായ മഴയ്ക്കും കാരണമായത് ലഘു മേഘവിസ്‌ഫോടനമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in