വിജയന്‍ നമ്പ്യാരെ അറിയില്ല, കേരളത്തിലെ ഓക്‌സിജന്‍ വിതരണകമ്പനി മകന്റെ ബിനാമി സ്ഥാപനമല്ല, പി.ടി തോമസിനെതിരെ പി.കെ ശ്രീമതി

pk sreemathy sent legal notice to PT Thomas
pk sreemathy sent legal notice to PT Thomas
Published on

സംസ്ഥാനത്തെ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിലെ കുത്തവകാശം മുന്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ ബന്ധുവിന്റേതാണെന്ന പി.ടി തോമസിന്റെ ആരോപണത്തിനെതിരെ സതേണ്‍ എയര്‍ പ്രൊഡക്ട്‌സ് ഉടമ. മകന്റെ ബിനാമിയാണ് വിജയന്‍ നമ്പ്യാര്‍ എങ്കില്‍ അത് പിടി തോമസ് തെളിയിക്കട്ടെയെന്ന് പി.കെ ശ്രീമതിയും പ്രതികരിച്ചു. കേരളത്തില്‍ 70 ശതമാനം ഓക്‌സിജന്‍ വിതരണം നടത്തുന്ന ഐനോക്‌സ് എന്ന കമ്പനിയും വിതരണക്കാരായ സതേണ്‍ എയര്‍ പ്രൊഡക്ട്‌സും കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലകൂട്ടി വില്‍ക്കുന്നുവെന്നും പിടി തോമസ് ആരോപിച്ചിരുന്നു.

ആരോപണത്തില്‍ പി.ടി തോമസിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്് പികെ ശ്രീമതി മാനനഷ്ടക്കേസ് നല്‍കി. സതേണ്‍ എയര്‍പ്രൊഡക്‌സുമായോ അയണക്‌സുമായോ ഒരു ബന്ധവും ഇല്ലെന്നും ശ്രീമതി വക്കീല്‍ നോട്ടീസില്‍. ഏഷ്യാനെറ്റിനോടാണ് പികെ ശ്രീമതിയും വിജയന്‍ നമ്പ്യാരും പ്രതികരിച്ചത്.

പി.കെ ശ്രീമതി പറഞ്ഞത്

വിജയന്‍ നമ്പ്യാര്‍ എന്ന മനുഷ്യനെ എനിക്കറിയില്ല. കണ്ണൂരാണ്, ഞങ്ങള്‍ നമ്പ്യാര്‍ സമുദായത്തില്‍പ്പെട്ടവരാണ് എന്ന കാര്യമൊഴിച്ചാല്‍ വിജയന്‍ നമ്പ്യാര്‍ ആരെന്ന് പോലും അറിയില്ല. മകന്റെ ബിനാമിയാണ് വിജയന്‍ നമ്പ്യാര്‍ എങ്കില്‍ അത് പിടി തോമസ് തെളിയിക്കട്ടെ. വലിയ സാമ്പത്തിക പ്രയാസത്തില്‍ കഴിയുന്ന ആളാണ് മകന്‍. ഓക്‌സിജന്‍ പ്ലാന്റ് ഞങ്ങള്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ല. കൂടുതല്‍ തെളിവുണ്ടെങ്കില്‍ പിടി തോമസ് പുറത്തുവിടട്ടെ.

വിജയന്‍ നമ്പ്യാര്‍ പറഞ്ഞത്

കഴിഞ്ഞ പത്ത് വര്‍ഷമായി ഡവലപ് ചെയ്ത ബിസിനസാണ് ഞങ്ങളുടേത്. എന്റെ സ്വന്തം ഇന്‍വെസ്റ്റ്‌മെന്റാണ് ഇത്. കേരളത്തില്‍ മൊത്തം ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്നത് ഐനോക്‌സ് ആണ്. അവര്‍ നേരത്തെ തന്നെ കേരളത്തിലെ വിതരണക്കാരാണ്. പരിയാരം മെഡിക്കല്‍ കോളജ്, എകെജി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഞങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയത്.

പി.ടി തോമസിന്റെ ആരോപണം

മെഡിക്കല്‍ ഓക്‌സിജന്‍ മരുന്നാണ്. മരുന്ന് വിതരണം കുത്തകയാക്കാന്‍ നിയമം അനുവദിക്കുന്നില്ല. കേരളത്തിന് പ്രതിദിനം 200 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ വേണം. ഇതില്‍ 150 ടണ്‍ കഞ്ചിക്കോട്ടെ ഇനോക്‌സ് എയര്‍ പ്രൊഡക്ട്‌സ് ഉത്പാദിപ്പിക്കുന്നതാണ്. ഇതില്‍ 80 ടണ്‍ മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞതിന് ശേഷമുള്ളതേ പുറത്ത് കൊണ്ടുപോകാന്‍ അനുവദിക്കാവൂ.കേരളത്തില്‍ ലിക്വിഡ് ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ 23 കമ്പനികള്‍ നിലവിലുണ്ട്. ഇതിലൊന്നായ സതേണ്‍ എയര്‍ പ്രൊഡക്ട്‌സ് വിതരണാവകാശം കുത്തകയാക്കിയത് എങ്ങനെയെന്ന് കണ്ടെത്തണം.

Related Stories

No stories found.
logo
The Cue
www.thecue.in