വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടനയിലേതെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. സജി ചെറിയാന്‍ പറഞ്ഞതും ഗോള്‍വാള്‍ക്കാര്‍ വിചാരധാരയില്‍ പറഞ്ഞതും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലായിരുന്നു ഈ പ്രതികരണം.
സജി ചെറിയാന്‍ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിക്കുന്നു. എന്നാല്‍ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല.അത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഭരണഘടനാ ശില്‍പികളോട് അത്യന്തം ബഹുമാനവും പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ ഭരണഘടനയുടെ ഉള്ളടക്കത്തില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ആവശ്യമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്തിടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അര്‍ഥശങ്കയ്ക്കിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കി ഭരണഘടന ഭാരതീയവല്‍ക്കരിക്കണം അതായത് വൈദേശികമായ സങ്കല്‍പങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ഗോള്‍വാള്‍ക്കര്‍ പറഞ്ഞതും അതുതന്നെയാണെന്നാണ് പികെ കൃഷ്ണദാസ് പറയുന്നത്.
കശ്മീരിനുള്ള പദവി എടുത്തുമാറ്റിയത് ഗോള്‍വാള്‍ക്കറുടെ കൂടി ആശയഗതിയനുസരിച്ചാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികള്‍ ഇനിയും പ്രതീക്ഷിക്കാം.
വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.സര്‍ക്കാര്‍ മതകാര്യങ്ങളിലോ മതങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങളിലോ ഇടപെടാന്‍ പാടില്ല എന്നതാണ് യഥാര്‍ഥ മതേതരത്വം എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഭരണകൂടങ്ങള്‍ മതകാര്യങ്ങളില്‍ ഇടപെടുകയും മതാധിഷ്ഠിതമായി സംവരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുമാറണം. സിവില്‍ നിയമങ്ങളില്‍ മതപരമായ നിയമങ്ങള്‍ അനുവദിക്കുന്നതും മതേതരവിരുദ്ധമാണ്.ഏക സിവില്‍ കോഡാണ് മതേതരത്വമെന്നും പികെ കൃഷ്ണദാസ്.
പാശ്ചാത്യ സങ്കല്‍പമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല. മഹാത്മജി വിഭാവനം ചെയ്ത സര്‍വ്വോദയയും ദീന്‍ദയാല്‍ജി വിഭാവനം ചെയ്ത അന്ത്യോദയയുമാണ് നമ്മുടെ സാമൂഹ്യനീതി സങ്കല്‍പമെന്നും കൃഷ്ണദാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഭരണഘടന ഭാരതീയവല്‍ക്കരിക്കണമെന്ന കാര്യത്തില്‍ സംശയമെന്തിന്?
സജി ചെറിയാന്‍ പറഞ്ഞതും ഗുരുജി ഗോള്‍വാള്‍ക്കാര്‍ വിചാരധാരയില്‍ പറഞ്ഞതും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം -
സജി ചെറിയാന്‍ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിക്കുന്നു.
പൂര്‍ണമായും ബ്രിട്ടീഷ് നിര്‍മ്മിത ബൂര്‍ഷ്വാ നിര്‍മ്മിതി, തൊഴിലാളി വിരുദ്ധ ചൂഷണ സംവിധാനം , ഭരണഘടനയുടെ അടിസ്ഥാന തത്വമായ ജനാധിപത്യവും മതേതരത്വവും കുന്തവും കൊടചക്രവും അതായത് രണ്ടിനേയും നിരാകരിക്കുന്നു.
ജനാധിപത്യത്തിന്റെ ആനുകൂല്യത്തില്‍ ഭരണഘടനയെ തൊട്ട് പ്രതിജ്ഞ ചെയ്ത ശേഷം ജനാധിപത്യത്തെയും ഭരണഘടനയെയും തള്ളിപ്പറയുന്നു.
എന്നാല്‍ ഗുരുജി ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല.അത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഭരണഘടനാ ശില്‍പികളോട് അത്യന്തം ബഹുമാനവും പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ ഭരണഘടനയുടെ ഉള്ളടക്കത്തില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ആവശ്യമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.അടുത്തിടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അര്‍ഥശങ്കയ്ക്കിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കി ഭരണഘടന ഭാരതീയവല്‍ക്കരിക്കണം അതായത് വൈദേശികമായ സങ്കല്‍പങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ഗുരുജി പറഞ്ഞതും അതുതന്നെ -: പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കല്‍പങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. കശ്മീരിനുള്ള പദവി എടുത്തുമാറ്റിയത് ഗുരുജിയുടെ കൂടി ആശയഗതിയനുസരിച്ചാണ്. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികള്‍ ഇനിയും പ്രതീക്ഷിക്കാം.
വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.സര്‍ക്കാര്‍ മതകാര്യങ്ങളിലോ മതങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങളിലോ ഇടപെടാന്‍ പാടില്ല എന്നതാണ് യഥാര്‍ഥ മതേതരത്വം എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഭരണകൂടങ്ങള്‍ മതകാര്യങ്ങളില്‍ ഇടപെടുകയും മതാധിഷ്ഠിതമായി സംവരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.ഇതുമാറണം. സിവില്‍ നിയമങ്ങളില്‍ മതപരമായ നിയമങ്ങള്‍ അനുവദിക്കുന്നതും മതേതരവിരുദ്ധമാണ്.ഏക സിവില്‍ കോഡാണ് മതേതരത്വം.
ഇന്ത്യ എന്നാല്‍ യൂണിയന്‍ സ്റ്റേറ്റ് എന്ന ഭരണഘടനയുടെ പ്രഖ്യാപനവും തെറ്റാണ്. സ്റ്റേറ്റുകളുടെ യൂണിയനല്ല ഇന്ത്യ മറിച്ച് ആസേതുഹിമാചലം ഒറ്റരാഷ്ട്രമാണ്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ മുത്തുകള്‍ കോര്‍ത്തെടുത്ത മാലപോലെ കോര്‍ത്തെടുത്ത ഏകരാഷ്ട്രം.
പാശ്ചാത്യ സങ്കല്‍പമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല. മഹാത്മജി വിഭാവനം ചെയ്ത സര്‍വ്വോദയയും ദീന്‍ദയാല്‍ജി വിഭാവനം ചെയ്ത അന്ത്യോദയയുമാണ് നമ്മുടെ സാമൂഹ്യനീതി സങ്കല്‍പം
ഇത്തരത്തില്‍ അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങള്‍ ഭേദഗതികള്‍ വരുത്തണം. പക്ഷെ ഒറ്റയടിക്കല്ല ജനങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നതിനനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താതെയുള്ള കാലാനുസൃതമായി ഭേദഗതികള്‍ അനിവാര്യമാണ്.
വാല്‍ക്കഷ്ണം : വിചാരധാര മുഴുവന്‍ വായിച്ച വി.ഡി. സതീശന് ആര്‍ എസ് എസ് സ്ഥാപിച്ചത് ഡോ. കേശവ ബല്‍റാം ഹെഡ്‌ഗേവാര്‍ ആണെന്ന് ഇനിയും തിരിഞ്ഞിട്ടില്ല. ഇന്നും പറയുന്നു ഗുരുജിയാണെന്ന്