കോവിഡ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 18-19 മണിക്കൂര്‍ വരെ ദിവസവും ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍. കോവിഡിനെ പിടിച്ചുകെട്ടാന്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രം ആരോടും വിവേചനം കാണിക്കുന്നില്ലെന്നും പീയുഷ് ഗോയൽ പറഞ്ഞു.
"കോവിഡ് വ്യാപനം രൂക്ഷമായ 12 സംസ്ഥാനങ്ങളുമായി കേന്ദ്രം സംസാരിച്ചിട്ടുണ്ട് . ഓരോ സംസ്ഥാനത്തിനും എത്രത്തോളം ഓക്സിജന്‍ ആവശ്യമാണെന്നത് സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ട്. 6177 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ നല്‍കാന്‍ പോകുന്നത് മഹാരാഷ്ട്രയ്ക്കാണ്. 1500 മെട്രിക് ടണ്‍ ഓക്സിജന്‍ മഹാരാഷ്ട്രക്ക് നല്‍കും. ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ സംസ്ഥാനങ്ങളിലേക്ക് ഉടന്‍ എത്തും"- കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന സോണിയ ഗാന്ധിയുടെയും മഹാരാഷ്ട്ര സര്‍ക്കാരിന്‍റെയും ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പീയൂഷ് ഗോയല്‍.
അതേസമയം കോവിഡിന്റെ രണ്ടാം വരവിൽ സാഹചര്യം രൂക്ഷമായിരിക്കെ ബംഗാളില്‍ കൂറ്റന്‍ റാലി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. നിങ്ങള്‍ നിങ്ങളുടെ ശക്തി കാണിച്ചു. അടുത്ത ഘട്ടം കൂടുതല്‍ പ്രധാനമാണ്. ഇനി വോട്ടുചെയ്യുക, മറ്റുള്ളവരെയും അതില്‍ പങ്കെടുപ്പിക്കുക എന്നാണ് നരേന്ദ്രമോദി തന്റെ പ്രസംഗത്തില്‍ പരാമർശിച്ചത്.