പിങ്ക് പൊലീസ് പരസ്യ വിചാരണ; നഷ്ടപരിഹാര വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്

പിങ്ക് പൊലീസ് പരസ്യ വിചാരണ; നഷ്ടപരിഹാര വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്
Published on

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സര്‍ക്കാരിന് ബാധ്യതയേല്‍ക്കാനാവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നും സര്‍ക്കാര്‍ കോടതിയില്‍.

2021 ആഗസ്ത് 28നാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി വിചാരണ ചെയ്തത്.

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിട്ട സംഭവത്തില്‍ ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകരുതെന്നാണ് ജയചന്ദ്രന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചത്. പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ശേഷം തങ്ങളുടെ ജീവിതം തലകീഴായി മറിഞ്ഞുവെന്നും ഇനിയെങ്കിലും സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വരണമെന്നും അദ്ദേഹം ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in