ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്നത് എന്നാണ് അര്‍ത്ഥം, സംഘപരിവാര്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്നത് എന്നാണ് അര്‍ത്ഥം, സംഘപരിവാര്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
Published on

ഹാലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്നത് എന്ന് മാത്രമാണ് അര്‍ത്ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയില്‍ നടന്ന സിപിഐഎം ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും പാര്‍ലമെന്റില്‍ വരെ നല്‍കുന്ന ഭക്ഷണത്തില്‍ ഹലാല്‍ എന്ന് എഴുതുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹലാല്‍ വിവാദം ഉയര്‍ത്തിക്കാണിച്ചതിന് ശേഷമാണ് അതിന്റെ പൊള്ളത്തരം സംഘപരിവാറിന് മനസിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്ത്യയുടെ സംസ്‌കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം സമുദായത്തെ ഇന്ത്യയില്‍ നിന്ന് അന്യമാക്കുന്ന നിലപാട് കൈക്കൊണ്ടതും ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടലുമെല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്ന രീതിയും ഉണ്ടാവുന്നു. ഇതിന്റെ ഭാഗമായി തന്നെ കേരളത്തിലും പുതിയ വിവാദങ്ങള്‍ ഉയര്‍ന്നവരുന്നത് കാണാന്‍ കഴിയും. അടുത്ത കാലത്ത് ഉയര്‍ന്ന് വന്ന ഹലാലുമായി ബന്ധപ്പെട്ട വിവാദം, ഉയര്‍ന്ന് വന്നതിന് ശേഷമാണ് അതിന്റെ പൊള്ളത്തരം അവര്‍ക്ക് തന്നെ മനസിലാകുന്നത്.

പാര്‍ലമെന്റിനകത്ത് നല്‍കുന്ന ഭക്ഷണത്തിലും ഹലാല്‍ ആണെന്ന് എഴുതിയിട്ടുണ്ടെന്ന് ഇന്ന് ദേശാഭിമാനിയില്‍ ജോണ്‍ ബ്രിട്ടാസ് എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. കഴിക്കാന്‍ പറ്റുന്നതാണ്, വേറെ ദോഷമൊന്നുമില്ല എന്ന് മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ അതിനോടൊപ്പം ചില വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങളുയര്‍ത്തി അങ്ങനെ ഒരു വല്ലാത്ത ചേരി തിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായാണ് നടത്തുന്നത്. നമ്മുടെ കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതായി കാണാന്‍ കഴിയും.

Related Stories

No stories found.
logo
The Cue
www.thecue.in