പോലീസിന് മജിസ്റ്റീരിയല്‍ അധികാരം, ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി, തീരുമാനമെടുത്തത് യുഡിഎഫ് സര്‍ക്കാര്‍ 

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം, ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി, തീരുമാനമെടുത്തത് യുഡിഎഫ് സര്‍ക്കാര്‍ 

പോലീസില്‍ അച്ചടക്കരാഹിത്യം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 
Published on

പോലീസ് കമ്മീഷണറേറ്റ് ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷണറേറ്റ് സംബന്ധിച്ച തീരുമനം എടുത്തത് യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലീസിന് മജീസ്റ്റീരിയല്‍ അധികാരം നല്‍കുന്ന തര്‍ക്കം സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.വി.ടി ബല്‍റാമാണ് നോട്ടീസ് നല്‍കിയത്.

മജിസ്റ്റീരിയല്‍ അധികാരം സംബന്ധിച്ച കാര്യത്തിനൊപ്പം പൊലീസിലെ അച്ചടക്ക രാഹിത്യം കുടി ഉന്നയിക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല മന്ത്രി എ കെ ബാലന്‍ മറുപടി നല്‍കി. തുടര്‍ന്ന് നോട്ടീസ് പരിഗണനക്ക് എടുത്തു. യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ നോട്ടീസ് നല്‍കിയതിലെ വിരോധാഭാസം പ്രതിപക്ഷം തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായ നടപടികളെന്നും അന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് പരിഗണിച്ചതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കെ ടി തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ടിലും തിരു, കൊച്ചി കോഴിക്കോട് നഗരത്തില്‍ കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. കമ്മീഷണറേറ്റ് വരുന്നതോടെ നഗരങ്ങളിലെ കുറ്റാന്വേഷണ സംവിധാനം കാര്യക്ഷമമാകും. രാജ്യത്തെ 50 നഗരങ്ങളില്‍ ഈ സംവിധാനം ഉണ്ട്. പൊലീസിന് ഏതൊക്കെ അധികാരം നല്‍കണമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. പൊതുവായ ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കിയ ശേഷമേ തീരുമാനം എടുക്കു. കേരളത്തിന്റെ സവിശേഷ സാഹചര്യം നോക്കിയെ അധികാര കൈമാറ്റം തീരുമാനിക്കൂ

എന്നാല്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ വി ടി ബലറാം എം എല്‍ എ സര്‍ക്കാറിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.സര്‍ക്കാര്‍ ഏറെ മുന്നോട്ടു പോയെന്നും മുഖ്യമന്ത്രിയാണ് അതിന്റെ പ്രയോക്താവെന്നും വി ടി ബലറാം പറഞ്ഞു. ഇരട്ടച്ചങ്കുണ്ടെന്ന് കരുതി ജനവികാരം കണ്ടില്ലെന്ന് നടിക്കുകയാണ് . മുഖ്യമന്ത്രി ഇവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത് ഗുജറാത്ത് മോഡല്‍ പൊലീസിങ്ങാണെന്നും ബലറാം ആരോപിച്ചു.

യു ഡി എഫ് തീരുമാനത്തിലുള്ള വിയോജിപ്പാണ് വിടി ബലറാം പ്രകടിപ്പിച്ചതെന്ന് തോന്നുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. 28. 1. 12 ലാണ് ആദ്യമായി കാബിനറ്റാണ് പോലീസിന് മജിസ്റ്റീരില്‍ അധികാരം നല്‍കുന്ന കാര്യം പരിഗണിച്ചത്. ആന്ധ്രാപ്രദേശില്‍ 4 ഇടങ്ങളില്‍ തമിഴ്‌നാട്ടില്‍ 7 കര്‍ണാടക 3 തുടങ്ങിയ സ്ഥലങ്ങളില്‍ മജിസ്റ്റീരിയല്‍ കമ്മീഷണറേറ്റ് നിലവിലുണ്ട്. മൊത്തം 44 നഗരങ്ങളില്‍ ഇതുണ്ട്. ബല്‍റാം ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് യു ഡി എഫ് ഇത് കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും പിണറായി വിജയന്‍ മറുപടി നല്‍കി.

പോലീസില്‍ അച്ചടക്കരാഹിത്യം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അധികാരം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. മജിസ്റ്റീരിയല്‍ അധികാരം കളക്ടര്‍മാരില്‍ നിലനിര്‍ത്തി കൊണ്ട് ഏതൊക്കെ അധികാരം പൊലീസിന് നല്‍കാം എന്ന് പരിശോധിക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. പൊതുവായ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനം എടുക്കു, ധ്യതി പിടിച്ച് തീരുമാനമെടുക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

logo
The Cue
www.thecue.in