'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്
Published on

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആദ്യമായി പരസ്യ പ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്‍ ബാബുവിന്റെ അകാല വിയോഗം അതീവ ദുഃഖകരമായ കാര്യമാണെന്നും ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം ഉറപ്പിക്കുന്ന നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവീന്‍ ബാബു മരിച്ച് ഒന്‍പത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി.ദിവ്യയെ സിപിഎം നീക്കിയിരുന്നു. എഡിഎമ്മിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരു രീതിയിലും ഇടപെടില്ലെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഈയടുത്ത കാലത്ത് നമ്മുടെ സര്‍വീസിലുണ്ടായിരുന്ന ഒരാളുടെ കാര്യം നാട് പ്രത്യേകമായി ശ്രദ്ധിക്കുന്ന ഒരു ഘട്ടമാണ് ഇത്. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ അകാല വിയോഗം. അത് അതീവ ദുഃഖകരമായ കാര്യമാണ്. ഒരുദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല. ഇക്കാര്യം ഉറപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് ഈ ഘട്ടത്തില്‍ അറിയിക്കട്ടെ. സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല.

പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തില്‍ പി.പി. ദിവ്യക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ദിവ്യയുടെ പ്രതികരണം അനവസരത്തിലായിരുന്നുവെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. സിപിഎം പത്തനംതിട്ട ജില്ലാ ഘടകവും മന്ത്രി വീണ ജോര്‍ജ് അടക്കമുള്ള നേതാക്കളും എഡിഎമ്മിന്റെ കുടുംബത്തിന് ഒപ്പം നിലകൊള്ളുകയും ചെയ്തതോടെ ദിവ്യക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയത് കൂടാതെ സംഘടനാ തലത്തിലുള്ള നടപടികള്‍ ദിവ്യക്കെതിരെ ഉണ്ടാകുമെന്ന സൂചനയും സിപിഎം നേതൃത്വം നല്‍കിയിരുന്നു. പി.പി ദിവ്യക്കെതിരെ ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടാകില്ലെന്നു എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെ രോഷം ഒഴുകിയ സംഭവത്തില്‍ ആത്മഹത്യ ചെയ്ത എഡിഎമ്മിനും കുടുംബത്തിനും ഒപ്പമാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ദിവ്യ അഴിമതിക്കെതിരായാണ് സംസാരിച്ചതെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സിപിഎം കണ്ണൂര്‍ ജില്ലാ ഘടകം ദിവ്യയെ തള്ളി. സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാന്‍ സിപിഎം തീരുമാനിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in