'ഇവിടെ മൃതദേഹങ്ങള്‍ ഒഴുകി നടന്നിട്ടില്ല', സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനമാണ് വീഴ്ചയെങ്കില്‍ അതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി

'ഇവിടെ മൃതദേഹങ്ങള്‍ ഒഴുകി നടന്നിട്ടില്ല', സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനമാണ് വീഴ്ചയെങ്കില്‍ അതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി
Published on

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭ്യമായ സംവിധാനങ്ങളെ കവച്ചുവെക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിച്ചതാണ് സര്‍ക്കാരിന്റെ വീഴ്ചയെങ്കില്‍ അതില്‍ അഭിമാനിക്കുന്നുവെന്നും മുഖ്യമന്ത്രി ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ജനങ്ങള്‍ക്ക് ദുരിത വേളയില്‍ കിറ്റ് കൊടുത്തപ്പോള്‍ അത് തടയാന്‍ കോടതിയില്‍ പോയവരാണ് ഇന്ന് വിമര്‍ശനവുമായി രംഗത്തുവരുന്നവരെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആരാണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്തവണ്ണം നദികളില്‍ ഒഴുകി നടന്നപ്പോഴും കേരളത്തില്‍ അത്തരമൊരു അവസ്ഥയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തിന്റെ മരണനിരക്കിന്റെ മൂന്നിലൊന്ന് മാത്രമാണത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അനാഥപ്രേതങ്ങളെപ്പോലെ നദികളില്‍ ഒഴുകി നടക്കുന്നതും തീയണയാത്ത ചുടലപ്പറമ്പുകളും ഈ രാജ്യത്തുതന്നെ നാം കണ്ടതാണ്. എന്നാല്‍, ഇവിടെ മരണപ്പെട്ട ഒരാളെപ്പോലും തിരിച്ചറിയാതെ ഇരുന്നിട്ടില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുവരെ ഓക്‌സിജന്‍ നല്‍കാന്‍ നമുക്കായത്. ഇത്തരത്തില്‍ ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചു എന്നതാണ് അവര്‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍, ആ വീഴ്ച വരുത്തിയതില്‍ ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നു,' മുഖ്യമന്ത്രി ലേഖനത്തില്‍ എഴുതി.

കൊവിഡ് ലോകസമ്പദ്ഘനയെതന്നെ പ്രതികൂലമായി ബാധിച്ചപ്പോള്‍ കഴിയാവുന്ന വിധത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ സംരക്ഷിച്ചു നിര്‍ത്താനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് തന്നെ കേരളത്തിലാണ് രണ്ടാമതും കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. രാജ്യത്തെ വന്‍നഗരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണ് കേരളമെന്നും, രോഗം വലിയ രീതിയില്‍ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന നാടാണ് ഇതെന്നും വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് അറിയാം. ഇതിനൊക്കെ പുറമെ ഈ മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് എന്നതും അറിയാവുന്നവര്‍, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുത്തു ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നാടിന്റെ വികസനത്തോടൊപ്പം സംഭവിച്ചേക്കാമെന്ന് കരുതപ്പെടുന്ന മൂന്നാം തരംഗത്തെ നേരിടാനുള്ള ഇടപെടലുകള്‍ കൂടി സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. മൂന്നാം തരംഗത്തെ നേരിടാനുള്ള പ്ലാനിന്റെ ഭാഗമായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പ്രത്യേകമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുകയാണ്. നിലവിലുള്ള ഓട്ടോക്ലേവ് റൂമുകളെ സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ടുമെന്റുകളായി പരിവര്‍ത്തിപ്പിക്കുകയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇവിടെ മൃതദേഹങ്ങള്‍ ഒഴുകി നടന്നിട്ടില്ല', സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനമാണ് വീഴ്ചയെങ്കില്‍ അതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി
നിങ്ങളുടെ വൃത്തികെട്ട പ്രചരണങ്ങള്‍ക്കായി എന്റെ പേര് ഉപയോഗിക്കരുത്: വിവാദങ്ങളില്‍ നീരജ് ചോപ്ര

തദ്ദേശീയമായി വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുന്നുണ്ട്. വേണ്ടത്ര വാക്‌സിന്‍ ഉത്പാദനം ഇല്ലാത്തതാണ് വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് നാം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം. ഇനിയൊരു ഘട്ടത്തില്‍ ഇത്തരം പകര്‍ച്ചവ്യാധികളെ അതിജീവിക്കണമെങ്കില്‍ വാക്‌സിന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട തനത് ശേഷികള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിനാണ് കേരളം ശ്രമിക്കുന്നത്.

കേരള മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഈ കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലും സര്‍ക്കാരിന്റെ ഉത്തരവാദിത്തം - പ്രത്യേകിച്ച് ആരോഗ്യ, ക്ഷേമ, വികസന കാര്യങ്ങളില്‍ - ഊട്ടിയുറപ്പിക്കുന്ന ബദല്‍ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെച്ചിട്ടുള്ളത്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in